21 March 2024 7:20 AM
Summary
- മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ വേണ്ടത് 75,000 ലിറ്റര്‍ വെള്ളം
- കൂടുതല്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടാല്‍ അത് വിമര്‍ശനങ്ങള്‍ക്കിടയാക്കും
- ബെംഗളൂരുവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ കുറവുണ്ട്
കുട്ടിക്രിക്കറ്റിന്റെ മാമാങ്കമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മാര്‍ച്ച് 22ന് തുടക്കമാകും.ടൂര്‍ണമെന്റിന്റെ പ്രാരംഭ രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂള്‍ ബിസിസിഐ പുറത്തിറക്കി. കൂടുതല്‍ മത്സര ഷെഡ്യൂളുകള്‍ ബിസിസിഐ വെളിപ്പെടുത്തും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 10 നഗരങ്ങളിലായി മൊത്തം 21 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ ടീമും മൂന്ന് മുതല്‍ അഞ്ച് മത്സരങ്ങള്‍ വരെ കളിക്കും. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് ഉച്ചയ്ക്കും രാത്രിയുമാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞുള്ള ഗെയിമുകള്‍ 3:30നും രാത്രി മത്സരങ്ങള്‍ 7:30നുമാണ് ആരംഭിക്കുക.
അതേസമയം കൊടിയ വരള്‍ച്ചയും കുടിവെള്ള പ്രതിസന്ധിയും ബെംഗളൂരു നഗരത്തിലെ മത്സരങ്ങള്‍ക്ക് വെല്ലുവിളിയാകും. മത്സരങ്ങള്‍ക്കായി നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) മാനേജ്മെന്റ് ബോര്‍ഡ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡിനോട് (ബിഡബ്ല്യുഎസ്എസ്ബി) അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിലവില്‍ മാര്‍ച്ച് 25, 29, ഏപ്രില്‍ 2 തീയതികളില്‍ മൂന്ന് മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. കെഎസ്സിഎ ബോര്‍ഡിന്റെ അഭ്യര്‍ഥന മാനിച്ച് സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാന്‍ ബിഡബ്ല്യുഎസ്എസ്ബി തീരുമാനിച്ചിട്ടുണ്ട്.
ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തിന് പ്രതിദിനം ഏകദേശം 75,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. കബ്ബണ്‍ പാര്‍ക്കിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നാണ് കെഎസ്സിഎ ബോര്‍ഡ് മലിനജല ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് നഗരത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കൂടാതെ അത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്‌തേക്കാം.
ഇപ്പോള്‍ മഹാനഗരത്തിലെ ജനങ്ങള്‍ കുളിക്കുന്നതുപോലും ഏതാനും ദിവസങ്ങള്‍ക്കുശേഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഭൂഗര്‍ഭജലത്തിന്റെയും കാവേരി നദീജലത്തിന്റെയും ദുരുപയോഗം തടയേണ്ടതിന്റെ ആവശ്യകത ബിഡബ്ല്യുഎസ്എസ്ബി എടുത്തു പറഞ്ഞിട്ടുണ്ട്. അതേസമയം ശുദ്ധീകരിച്ച വെള്ളത്തിന്റെ ഏറ്റവും മികച്ച വിനിയോഗം പ്രോത്സാഹിപ്പിക്കുന്നുന്നുമുണ്ട്.
മഴയുടെ അളവ്, ഭൂഗര്‍ഭജലം കുറയുക, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയവ കാരണം നഗരം കുടിവെള്ള ക്ഷാമം നേരിടുകയാണ്.
ബെംഗളൂരുവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ (എംഎല്‍ഡി) ക്ഷാമം നേരിടുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജലക്ഷാമം പരിഹരിക്കുന്നതിന് ദിവസവും യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് 1,470 എംഎല്‍ഡി വെള്ളവും കുഴല്‍ക്കിണറുകളില്‍ നിന്ന് 650 എംഎല്‍ഡി വെള്ളവുമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവില്‍ 14,000 കുഴല്‍ക്കിണറുകളുണ്ട്, അതില്‍ 6,900 എണ്ണം വറ്റി. ജലസ്രോതസ്സുകള്‍ കയ്യേറ്റം ചെയ്യപ്പെടുകയോ ഇല്ലാതാകുകയോ ചെയ്തു. 'ബെംഗളൂരുവിന് 2600 ദശലക്ഷം ലിറ്റര്‍ (എംഎല്‍ഡി) വെള്ളമാണ് ദിനംപ്രതി വേണ്ടത്. ഇതില്‍ 1,470 എംഎല്‍ഡി കാവേരി നദിയില്‍ നിന്നും 650 എംഎല്‍ഡി ജലം കുഴല്‍ക്കിണറുകളില്‍ നിന്നും വരുന്നു. ഞങ്ങള്‍ക്ക് 500 എംഎല്‍ഡിയുടെ കുറവുണ്ട്,'' സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ 313 സ്ഥലങ്ങളില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കാനും നിലവില്‍ പ്രവര്‍ത്തനരഹിതമായ 1200 കുഴല്‍ക്കിണറുകള്‍ പുനരുജ്ജീവിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കര്‍ണാടക മില്‍ക്ക് ഫെഡറേഷനില്‍ നിന്നുള്ളത് ഉള്‍പ്പെടെ എല്ലാ സ്വകാര്യ ടാങ്കറുകളും ചേരികളിലും ഉയര്‍ന്ന പ്രദേശങ്ങളിലും 110 ഗ്രാമങ്ങളിലും കുഴല്‍ക്കിണറിനെ ആശ്രയിക്കുന്ന പ്രദേശങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.