image

17 March 2024 7:51 PM IST

News

ഐടി ന​ഗരത്തിന് ദാഹിക്കുന്നു, ജലക്ഷാമം രൂക്ഷമായാൽ സ്ഥലം കാലിയാക്കുമെന്ന് ടെക്കികൾ

MyFin Desk

bengalure city is thirsty, techies say it will shut down if the water shortage continues
X

Summary

  • ബംഗളുരു ന​ഗരത്തിലെ ജലക്ഷാമം അനുദിനം രൂക്ഷമാവുന്നു
  • ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വളർച്ചയും മൂലമാണ് ബംഗളുരുവിലെ ജലപ്രതിസന്ധി രൂക്ഷമായത്.
  • നേരത്തെ ഒരു ടാങ്കറിന് 2500 രൂപയുണ്ടായിരുന്ന വാട്ടർ ടാങ്കറുകളുടെ വില ഇപ്പോൾ 5,000 രൂപയായി



ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളുരു ന​ഗരത്തിലെ ജലക്ഷാമം അനുദിനം രൂക്ഷമാവുകയാണ്. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ഐടി ഓഫീസുകൾ മറ്റേതെങ്കിലും ന​ഗരത്തിലേക്ക് മാറ്റേണ്ടി വരുമെന്ന് കമ്പനി ഉടമകൾ പറയുന്നു. മറ്റേതെങ്കിലും ന​ഗരത്തിലേക്ക് ചേക്കേറുന്നതിനെ പറ്റി ​ഗൗരവമായി ആലോചിക്കുകയാണെന്ന് ജീവനക്കാരും അഭിപ്രായപ്പെടുന്നു.

ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വളർച്ചയും മൂലമാണ് ബംഗളുരുവിലെ ജലപ്രതിസന്ധി ഇത്ര രൂക്ഷമായത്. പ്രതിസന്ധി മറികടക്കാൻ ജലസംഭരണിയും ഭൂഗർഭജല പുനർനിർമ്മാണവും വേണമെന്ന് വ്യവസായവൃത്തങ്ങൾ ​ഗവൺമെന്റിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഐടി ഭീമൻമാരുടെയും പ്രശസ്ത സ്റ്റാർട്ടപ്പുകളുടെയും ആസ്ഥാനമായ ഇന്ത്യയുടെ ടെക് ഹൃദയഭൂമിയിൽ, വെള്ളമില്ലാത്ത ടാപ്പുകൾക്ക് മുമ്പിലെ നീണ്ട ക്യൂ നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്. കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ വലയുന്നു.കടുത്ത ജല നിയന്ത്രണങ്ങളാണ് നഗരവാസികൾ നേരിടുന്നത്. ജലക്ഷാമം ഐടി, ടെക് ഹബ്ബുകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. മിക്ക ഓഫീസുകളും വ‌ർക്ക് ഫ്രം ഹോം രീതി നടപ്പാക്കി കഴിഞ്ഞു.

"പ്രശ്നം ​ഗുരുതരമാണ്. സൊസൈറ്റികളിൽ നേരത്തെ മുഴുവൻ ദിവസവും വെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ പകുതി ദിവസം മാത്രമേ വെള്ളം ലഭ്യമാകൂ. നഗരത്തിൻ്റെ പകുതിയോളം ഭാഗവും ജലക്ഷാമം നേരിടുകയാണ്," ഒരു പ്രദേശവാസി പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, താമസക്കാർ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ പാടുപെടുന്നതിന്റെ വീഡിയോകളാണ്. മാട്രിമോണി ഡോട്ട് കോമിൻ്റെ സ്ഥാപകനും സിഇഒയുമായ മുരുകവേൽ ജാനകിരാമൻ പ്രതിസന്ധി പരിഹരിക്കാൻ ജലസംഭരണി നിർബന്ധമാക്കണമെന്ന് നിർദ്ദേശിച്ചു.

"ജല ഉപഭോഗം കുറയ്ക്കുക, പുനരുപയോഗം ചെയ്യുക, ഭൂഗർഭജലനിരപ്പ് വർദ്ധിപ്പിക്കുന്നതിന് ജലാശയങ്ങൾ സൃഷ്ടിക്കുക, സർക്കാർ ജലവിതരണം സുഗമമാക്കുക എന്നിവയിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും," അദ്ദേഹം പറഞ്ഞു.

"ജല ക്ഷാമം ചൂണ്ടിക്കാട്ടി ജീവനക്കാർ ഓഫീസിൽ വരാൻ വിസമ്മതിച്ചതിനാൽ കമ്പനികൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ച് തുടങ്ങി. ഇത് തീർച്ചയായും പ്രവർത്തനങ്ങളെ ബാധിക്കും, കാരണം പെട്ടെന്നുള്ള ഷിഫ്റ്റ് പരിഹരിക്കുന്നതിന് ഒരു പുതിയ സജ്ജീകരണം ആവശ്യമാണ്," കുക്കു എഫ്എം സഹസ്ഥാപകനും സിഇഒയുമായ ലാൽ ചന്ദ് ബിസു പറഞ്ഞു.

നേരത്തെ ഒരു ടാങ്കറിന് ഏകദേശം 2500 രൂപയുണ്ടായിരുന്ന വാട്ടർ ടാങ്കറുകളുടെ വില ഇപ്പോൾ 5,000 രൂപയായി ഉയർന്നതായി അദ്ദേഹം പറഞ്ഞു.