7 April 2024 3:42 PM IST
Summary
- ഓഫ് ലൈന്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖല, പുതിയ പുതിയ ലോഞ്ചുകള്‍ എന്നിവ കമ്പനിക്ക് ഗുണകരമായി
- ചൂടിന് ശമനമില്ലാത്തതും എസികളുടെ വില്‍പ്പന വര്‍ധിപ്പിച്ചു
- ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ എസി മാര്‍ക്കറ്റ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10 ദശലക്ഷം യൂണിറ്റ് ആയിരിക്കുമെന്ന് കണക്കുകള്‍
വില്‍പ്പനയുടെ തിരക്കില്‍ വിയര്‍ത്തുകുളിച്ച് പ്രമുഖ റെസിഡന്‍ഷ്യല്‍ എയര്‍കണ്ടീഷണര്‍ നിര്‍മാതാക്കളായ വോള്‍ട്ടാസ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി നേടിയത്. ആഭ്യന്തര വിപണിയില്‍ രണ്ട് ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കുന്ന ആദ്യ കമ്പനിയായി വോള്‍ട്ടാസ് മാറി. വര്‍ധിച്ചുവരുന്ന കൊടും ചൂടില്‍ കുളിരുതേടി ജനം എയര്‍കണ്ടീഷണര്‍ ഷോപ്പുകളിലേക്ക് കുതിച്ചത് വോള്‍ട്ടാസിന് വന്‍ നേട്ടമായി. വേനലില്‍പോലും അമിത ചൂട് ഉണ്ടാകാത്ത ബെംഗളൂരു നഗരം പോലും വിയര്‍ത്തുകുളിക്കുകയാണ്.
ശക്തമായ ഓഫ്ലൈന്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖല, പുതിയ പുതിയ ലോഞ്ചുകള്‍ എന്നിവയ്ക്കൊപ്പം വര്‍ഷത്തില്‍ കൂളിംഗ് ഉല്‍പ്പന്നങ്ങളുടെ സ്ഥിരമായ ഡിമാന്‍ഡാണ് പ്രകടനത്തിന് കാരണമായതെന്ന് ടാറ്റ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2 ദശലക്ഷത്തിലധികം എസി യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് 35 ശതമാനം വോളിയം വളര്‍ച്ചയോടെ ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏതൊരു ബ്രാന്‍ഡും എക്കാലത്തെയും ഉയര്‍ന്ന എസി വില്‍പ്പനയാണെന്ന് പ്രസ്താവന പറയുന്നു. 'ഇന്ത്യയിലെ എയര്‍ കണ്ടീഷനിംഗ് വ്യവസായത്തില്‍ ഈ അസാധാരണ നാഴികക്കല്ല് കൈവരിക്കുന്ന ആദ്യത്തെ ബ്രാന്‍ഡാണ്', വോള്‍ട്ടാസ് പറഞ്ഞു.
ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ എസി മാര്‍ക്കറ്റ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10 ദശലക്ഷം യൂണിറ്റ് ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഈ വര്‍ഷം ഇത് 11.5 ദശലക്ഷം യൂണിറ്റായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.മാര്‍ച്ച് പാദത്തില്‍ പോലും, സൗകര്യപ്രദമായ താപനില കാരണം കംപ്രസര്‍ അടിസ്ഥാനമാക്കിയുള്ള കൂളിംഗ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറവാണ്: അതേസമയം'24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ വോള്‍ട്ടാസ് എസി വില്‍പ്പനയില്‍ 72 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി'. ഈ വില്‍പ്പന നമ്പറുകള്‍ക്കൊപ്പം, 'വോള്‍ട്ടാസ് തര്‍ക്കമില്ലാത്ത മാര്‍ക്കറ്റ് ലീഡറാണെന്നും റൂം എയര്‍കണ്ടീഷണര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെന്നും' കമ്പനി അവകാശപ്പെട്ടു.
'കമ്പനിയുടെ വിശാലമായ സാന്നിധ്യം, വളര്‍ന്നുവരുന്ന റീട്ടെയില്‍ ചാനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, മികച്ച വിതരണ ശൃംഖല, ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റി, ആകര്‍ഷകമായ ഉപഭോക്തൃ ഓഫറുകള്‍ എന്നിവ ഈ സുപ്രധാന നാഴികക്കല്ല് കൈവരിക്കാന്‍ സഹായിച്ചതായി ഞങ്ങള്‍ വിശ്വസിക്കുന്നു'-കമ്പനി എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു.
വോള്‍ട്ടാസ് ഇപ്പോള്‍ അതിന്റെ വളരുന്ന ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയ്ക്ക് അനുസൃതമായി റീട്ടെയില്‍, വിതരണ ശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നു.
എയര്‍ കൂളര്‍, കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് കൂളിംഗ് ഉല്‍പന്നങ്ങളുടെ അളവിലും കമ്പനി ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയതായി വോള്‍ട്ടാസ് പറഞ്ഞു. കൂടാതെ, അതിന്റെ ഗൃഹോപകരണ ബ്രാന്‍ഡായ വോള്‍ട്ടാസ് ബെക്കോ, ടര്‍ക്കിഷ് വീട്ടുപകരണ നിര്‍മ്മാതാക്കളായ ആര്‍സെലിക്കുമായുള്ള ഒരു ജെവി, 2024 സാമ്പത്തിക വര്‍ഷത്തില്‍ 2 ദശലക്ഷം യൂണിറ്റിനടുത്ത് വില്‍ക്കുന്ന നാഴികക്കല്ല് കൈവരിച്ചു.
''മൊത്തത്തില്‍, 24 സാമ്പത്തിക വര്‍ഷത്തില്‍ വോള്‍ട്ടാസ് രാജ്യത്തുടനീളമുള്ള സന്തുഷ്ടരായ ഉപഭോക്താക്കള്‍ക്ക് 5 ദശലക്ഷം ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു,'' പ്രസ്താവന പറയുന്നു.