image

9 April 2025 2:57 PM IST

News

വിഴിഞ്ഞം തുറമുഖ പദ്ധതി: വിജിഎഫ് കരാർ ഒപ്പിട്ടു

MyFin Desk

vizhinjam vgf agreement signed
X

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ കേരളത്തിന് 817 കോടി രൂപയുടെ വായ്പയായി നൽകുന്ന വി.ജി.എഫ് കരാർ ഒപ്പിട്ടു. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരളത്തിനായി ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ കരാറിൽ ഒപ്പുവെച്ചു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന കരാറിലുമാണ് ഒപ്പുവച്ചത്. വിജിഎഫ് നടപടിക്രമങ്ങൾ പൂർത്തിയായതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി.

പഴയ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാൽ ഇപ്പോഴത്തെ ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കും. കാരണം പഴയ കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർക്കാരിന് വിഹിതം നൽകേണ്ടിയിരുന്നത്. എന്നാൽ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028-ൽ പൂർത്തീകരിക്കുന്നതിനാൽ 4 ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്ട് സർക്കാരിന് 2034 മുതൽ നൽകുക. ഇക്കാര്യത്തിലും ധാരണയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ ഉൾപ്പെടെ) 2028-ഡിസംബർനുള്ളിൽ പൂർത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിയുഇ ആയിരിക്കും.

തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണ്ണമായും അദാനി പോർട്‌സ് ആയിരിക്കും വഹിക്കുക. അടുത്ത നാല് വർഷങ്ങൾക്കുള്ളിൽ ഈ നിക്ഷേപം നടത്തുമ്പോൾ നിർമ്മാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന ജിഎസ്.ടി റോയൽറ്റി, മറ്റു നികുതികൾ എല്ലാം ചേർത്തു നികുതി ഇനത്തിൽ തന്നെ സർക്കാരിന് ഒരു വലിയ തുക ലഭിക്കും.