22 Nov 2023 12:28 PM IST
ബൈജൂസിന്റെ എജ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമിനു പിന്നിലുള്ള കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവര്‍ക്ക് 9,363 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലെ നിയമങ്ങള്‍ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഫോറെക്‌സ് വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റമാണ് ഇഡി ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫോറെക്‌സ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2021 ല്‍ ഫ്‌ളിപ്കാര്‍ട്ടിന് 10,600 കോടി രൂപയുടെ നോട്ടീസ് നല്‍കിയിരുന്നു. അതിനുശേഷം ഒരു യൂണികോണിന് ലഭിക്കുന്ന വലിയ കാരണം കാണിക്കല്‍ നോട്ടീസാണിത്.
ഫെമ നിയമ ലംഘനം
ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ, ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ കയറ്റുമതി വരുമാനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. കമ്പനിയിലേക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തി എന്നിവയിലൂടെയും എഡ്‌ടെക് കമ്പനിയും രവീന്ദ്രനും ഫോറെക്‌സ് നിയമങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ ഇഡി കണ്ടെത്തി. ബൈജൂസിന് 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 28,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ലഭിച്ചതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
എന്നാല്‍ ഫെമ നിയമലംഘനങ്ങള്‍ കമ്പനി നടത്തിയതായുള്ള വാര്‍ത്തകള്‍ ബൈജൂസ് നിഷേധിച്ചിട്ടുണ്ട്. അധികൃതരില്‍ നിന്നും അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ വിദേശ ഫണ്ടിംഗും ബിസിനസ് നടത്തിപ്പും സംബന്ധിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
ഏപ്രിലില്‍ എഡ്‌ടെക് സ്ഥാപനവുമായി ബന്ധപ്പെട്ട രണ്ട് ബിസിനസ് സെന്ററുകളിലും ബൈജു രവീന്ദ്രന്റെ വസതിയിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തുകയും കമ്പനിക്ക് ലഭിച്ച എല്ലാ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും കമ്പനി നടത്തിയ വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിനിടെ രവീന്ദ്രന്റെയും തിങ്ക് ആന്‍ഡ് ലേണ്‍ സിഎഫ്ഒയുടെയും മൊഴി രേഖപ്പെടുത്തി.
മൂന്നിരട്ടി പിഴ
2011 നും 2023 നും ഇടയില്‍ 'നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പേരില്‍' കമ്പനി വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ അയച്ചതായി ഇഡി പറയുന്നു. വിദേശ രാജ്യങ്ങളിലേക്ക് അയച്ച തുകയുടെ ഒരു ഭാഗം ഉള്‍പ്പെടെ 944 കോടി രൂപ പരസ്യ, വിപണന ചെലവുകള്‍ക്കായി കമ്പനി ബുക്ക് ചെയ്തിരുന്നു. ഈ ഇടപാടുകള്‍ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും ഇഡി പറഞ്ഞു.
ഫോറെക്‌സ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുന്ന ഏതൊരു കക്ഷിക്കും കമ്പനിക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്റെ മൂന്നിരട്ടി പിഴ ചുമത്താമെന്ന് ഫോറെക്‌സ് നിയമങ്ങള്‍ പറയുന്നു. എന്നിരുന്നാലും, പരമാവധി പിഴകള്‍ അപൂര്‍വമായി മാത്രമേ ചുമത്താറുള്ളൂ, ഇത് ഓരോ കേസിന്റെയും അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2020-21 മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ കമ്പനി നല്‍കിയ കണക്കുകളുടെ സത്യസന്ധത സംശയിക്കുന്നതായും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബൈജൂസ് ഫെമ ചട്ടങ്ങള്‍ പാലിക്കുന്നു
'ബൈജൂസ് എല്ലായ്‌പ്പോഴും ഫെമ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു വെന്ന് കമ്പനി എല്ലാ നിക്ഷേപകര്‍ക്കും അയച്ച കത്തില്‍ പറയുന്നു. ഇഡിയുമായി ബൈജൂസ് സഹകരണപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും വാക്കാലും രേഖാമൂലവും തൃപ്തികരമായ മറുപടി നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, പക്ഷേ നിയന്ത്രണ ചട്ടക്കൂടുകള്‍ പൂര്‍ണ്ണമായും പാലിച്ച് ബൈജൂസ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു.
നിക്ഷേപകരുമായി തര്‍ക്കത്തില്‍
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ), സുമേരു വെഞ്ച്വേഴ്‌സ്, വിട്രുവിയന്‍ പാര്‍ട്‌ണേഴ്‌സ്, ബ്ലാക്ക് റോക്ക്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, സെക്കോയ, സില്‍വര്‍ ലേക്ക്, ബോണ്ട് ക്യാപിറ്റല്‍, ടെന്‍സെന്റ്, ജനറല്‍ അറ്റ്‌ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് കമ്പനി മൊത്തം 580 കോടി ഡോളര്‍ ധനസഹായം നേടിയിട്ടുണ്ട്.
പുതിയ മൂലധനം നേടല്‍, സാമ്പത്തിക റിപ്പോര്‍ട്ടിംഗിലെ കാലതാമസം, വായ്പ നല്‍കുന്നവരുമായുള്ള നിയമപരമായ തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ബൈജൂസ് നേരിടുന്ന സമയത്താണ് ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഒരുകാലത്ത് 2200 കോടി ഡോളറായിരുന്ന കമ്പനിയുടെ മൂല്യം നിക്ഷേപകര്‍ വെട്ടിക്കുറച്ചതോടെ കുത്തനെ ഇടിഞ്ഞു. 120 കോടി ഡോളര്‍ ടേം ലോണ്‍ ബി (ടിഎല്‍ബി) യുടെ പലിശ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പാദാതാക്കളുമായി കമ്പനി തര്‍ക്കത്തിലാണ്.