27 March 2025 12:46 PM IST
ഏപ്രിൽ മുതൽ രാജ്യത്ത് കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്,കിയ, ബിഎംഡബ്ല്യു എന്നി കമ്പനികളാണ് വില വർധിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. കൂടാതെ കറന്‍സി മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങിയ കാരണങ്ങളും കണക്കിലെടുത്തതാണ് വില വർധന.
വില വര്‍ദ്ധന 4% വരെ
എല്ലാ മോഡലുകൾക്കും നാല് ശതമാനം വരെയാണ് മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. മാരുതി സുസുക്കി ഈ വർഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വില വർധനയാണിത്. 2025 ജനുവരി മുതൽ കാറുകളുടെ വില മാരുതി 4% ഉയർത്തിയിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ ചില മോഡലുകൾക്ക് മാത്രം 32,500 വരെ വീണ്ടും കൂട്ടി. ഈ വർഷം ആദ്യമായാണ് ടാറ്റ കാറുകളുടെ വില ഉയർത്തുന്നത്.