24 Aug 2023 6:12 AM GMT
Summary
- ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ഭക്ഷ്യവിലയില്‍ പ്രതിഫലിക്കും
- ഭക്ഷ്യവിലയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങള്‍ പണപ്പെരുപ്പ സാധ്യത വര്‍ധിപ്പിക്കുന്നു
- പണപ്പെരുപ്പ നിരക്കിനെതിരെ ആര്‍ബിഐ ജാഗ്രത പുലര്‍ത്തും
സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ പച്ചക്കറിവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത് റീട്ടെയില്‍ പണപ്പെരുപ്പത്തിലെ സമീപകാല കുതിപ്പ് ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് പതിനഞ്ച് മാസങ്ങളിലെ ഉയര്‍ന്ന നിരക്കായ 7.44 ശതമാനമാനത്തിലെത്തിയിരുന്നു.
'സെപ്റ്റംബര്‍ മുതല്‍ പച്ചക്കറി വിലക്കയറ്റം ഗണ്യമായി കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ദാസ് പറഞ്ഞു. ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ഭക്ഷ്യവില കുറയുന്നതിനു തടസമുണ്ടാക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചു പുറത്തുവരുന്ന സൂചനകള്‍ പൊതുവേ അനുകൂലമാണെന്നു ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
അടിസ്ഥാന പണപ്പെരുപ്പം ഉയര്ർന്ന നിലയിലായിരുന്നിട്ടും അതിന്റെ സമീപകാലത്തെ ക്രമാനുഗതമായ കുറവ്, ഫലപ്രദമായ പണനയത്തയാണ് പ്രതിഫലിപ്പിക്കുന്നത്. പണപ്പെരുപ്പം സ്ഥിരമായി ഉയർന്ന നിലയില്‍ തുടരാതിരിക്കാനും മറ്റു വിഭാഗങ്ങളളില്‍ പ്രതിഫലിക്കാതിരിക്കാനും ആര്‍ബിഐ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിലയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉയർന്ന പണപ്പെരുപ്പ സാധ്യതകള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഇത് അപകടമാണ്. ഈ പ്രതിഭാസം 2022 സെപ്റ്റംബര്‍ മുതല്‍ കണ്ടുവരുന്നുണ്ട്. ഇതിനെതിരേ റിസർവ് ബാങ്ക് നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വില നിയന്ത്രിക്കാനായി 2022 മെയ് മുതല്‍ റീപോ നിരക്കില്‍ 2 . 5 ശതമാനം വർധന വരുത്തിയിട്ടുണ്ട്. . മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഇടക്കാല ലക്ഷ്യമായ നാല് ശതമാനം എന്നതിലേക്ക് പണപ്പെരുപ്പംഎത്തിക്കുവാന്‍ റിസർവ് ബാങ്ക് പ്രതിജ്ഞാ ബദ്ധമാണെന്നും ദാസ് പറഞ്ഞു.
വിപണിയില്‍ പുതിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ എത്തുന്നതോടെ പച്ചക്കറിവില കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ആശങ്കാജനകമാണ്. എക്സൈസ് തീരുവ കുറയ്ക്കുന്നത് പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 28 ശതമാനമായിരുന്ന കേന്ദ്രത്തിന്റെ മൂലധനച്ചെലവ്. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് 50ശതമാനത്തിലെത്തുമെന്ന് പിടിഐ റിപ്പോര്‍ട്ടുചെയ്തു. 2023-24 ബജറ്റില്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപം 10 ലക്ഷം കോടി രൂപയാക്കി ഉയർത്തിയിരുന്നു. അത് മുന്‍വർഷത്തെ ബജറ്റ് തുകയയേക്കാള്‍ 33 ശതമാനം കൂടുതലാണ്.
നിലവില്‍ രാജ്യത്തുള്ള ആറ് ശതമാനം മഴക്കുറവുണ്ട്. അത് ഖാരിഫ് വിളയിറക്കലിനെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. കരുതല്‍ ശേഖരത്തില്‍നിന്ന് ഗോതമ്പ്, അരി സ്റ്റോക്കുകള്‍ വിപണിയില്‍ എത്തിക്കുക, അരി, പഞ്ചസാര എന്നിവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഇറക്കുമതി അനുവദിക്കുക തുടങ്ങി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്.