4 Jan 2025 5:47 AM GMT
മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വരെ വേഗം കൈവരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനം സര്‍വീസുകള്‍ ആരംഭിക്കുന്നത് വരെ സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടരുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.
രാജസ്ഥാനിലെ കോട്ടയ്ക്കും ലബനുമിടയിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിനിടയിലാണ് ട്രെയിൻ 180 കിലോ മീറ്റര്‍ വേഗതയിലേക്ക് എത്തിയത്. ഇതിന് മുന്‍പ് ജനുവരി ഒന്നിന് റോഹൽ ഖുർദ് മുതൽ കോട്ട വരെയുള്ള 40 കിലോമീറ്റർ ദൈർഘ്യമുള്ള ട്രയൽ റണ്ണിലും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ 180 കിമീ വേഗതയിലേക്ക് എത്തിയിരുന്നു. അതേദിവസം, കോട്ട-നാഗ്‌ദ, റോഹൽ ഖുർദ്-ചൗ മഹ്‌ല സെക്ഷനുകളിൽ മണിക്കൂറിൽ 170 കിലോമീറ്ററും മണിക്കൂറിൽ 160 കിലോമീറ്ററും വേഗത്തിലും ട്രെയിൻ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 10 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നതെന്നാണ് വിവരം. ആദ്യത്തെ പ്രോട്ടോ ടൈപ്പിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി അവ ഫീല്‍ഡ് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട്. റെയിൽവെ സുരക്ഷാ കമ്മിഷണർ പരിശോധിക്കുന്നതിനു മുൻപുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. എല്ലാ പരിശോധനകളും നടത്തിയ ശേഷം യാത്രയ്ക്ക് സജ്ജമാണോയെന്ന് ഉറപ്പു വരുത്തും. അതിനു ശേഷം സേഫ്റ്റി കമ്മിഷണർ ട്രയൽ റൺ നടത്തും. തുടർന്നായിരിക്കും റെയിൽവേയ്ക്ക് കൈമാറുക.