13 March 2025 4:25 PM IST
Summary
- പിടിയിലായത് 8.3 ലക്ഷം കോടി രൂപയുടെ തട്ടിപ്പുകേസിലെ പ്രതി
- വരുമാനം വെളുപ്പിക്കുന്നതിനായി ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു പ്രതി
ക്രിപ്റ്റോ തട്ടിപ്പില്‍ അമേരിക്ക തിരയുന്ന ലിത്വാനിയന്‍ സ്വദേശി കേരളത്തില്‍ അറസ്റ്റില്‍. 8.3 ലക്ഷം കോടി രൂപയുടെ തട്ടിപ്പുകേസിലെ പ്രതിയെയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തത്.
അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. റാന്‍സംവെയര്‍, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി 'ഗാരന്റക്‌സ്' എന്ന പേരില്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു പ്രതി. ഇന്ത്യ വിടാന്‍ പദ്ധതിയിടുമ്പോഴാണ് ബെസിയോക്കോവിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷം ഗാരന്റക്‌സിനെ നിയന്ത്രിച്ചിരുന്നത് ബെസിയോക്കോവ് ആണ് എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളില്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സിയിലുള്ള കുറഞ്ഞത് 9600 കോടി ഡോളര്‍ ഇടപാടുകളാണ് ഗാരന്റക്‌സിനെ ഉപയോഗിച്ച് വെളുപ്പിച്ചത്. ഭീകര സംഘടനകള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകളുടെ കള്ളപ്പണ ഇടപാടുകളാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി വെളുപ്പിച്ചത്.
ക്രിമിനല്‍ ഇടപാടുകളിലൂടെ ഗാരന്റക്‌സിന് കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിച്ചത്. ഹാക്കിങ്, റാന്‍സംവെയര്‍, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇത് ഉപയോഗിച്ചതായും അമേരിക്കന്‍ രേഖയില്‍ പറയുന്നു.
ഗാരന്റക്സിന്റെ സാങ്കേതിക അഡ്മിനിസ്ട്രേറ്ററായിരുന്നു ബെസിയോക്കോവ്. പ്ലാറ്റ്‌ഫോമിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതും ഇടപാടുകള്‍ അവലോകനം ചെയ്തതും പ്രതി ആയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.