8 Feb 2025 11:50 AM GMT
Summary
- പ്രഖ്യാപനം ഇന്ത്യന്‍ വിപണികള്‍ക്ക് നിര്‍ണായകമാകും
- പ്രധാനമന്ത്രിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് യുഎസിന്റെ നീക്കം
രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര നികുതി നിരക്ക് പ്രഖ്യാപിക്കാന്‍ ട്രംപ്. അടുത്തയാഴ്ച നടത്തുന്ന പ്രഖ്യാപനം ഇന്ത്യന്‍ വിപണികള്‍ക്ക് നിര്‍ണായകമാകും.
ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക ചുമത്താന്‍ പോവുന്ന താരിഫിനെ കുറിച്ചാണ് ഇതുവരെ ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തയാഴ്ച ആദ്യം അമേരിക്ക ഇതര രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന നിരക്കും പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ഏകപക്ഷീയമായ നീക്കമെന്നത് ശ്രദ്ധേയമാണ്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ട്രംപ് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നിര്‍ണായകമാവും. വടക്കേ അമേരിക്കന്‍ ഓട്ടോ വിപണിയിലേക്ക് ക്ലാസ് 8 ട്രക്കുകള്‍ വിതരണം ചെയ്യുന്ന ലിസ്റ്റഡ് കമ്പനികളെ പ്രഖ്യാപനം കാര്യമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഭാരത് ഫോര്‍ജ്, സംവര്‍ദ്ധന മദര്‍സണ്‍, എംഎം ഫോര്‍ജിംഗ്സ് എന്നിവയാണ് മേഖലയിലേ പ്രധാന കയറ്റുമതിക്കാര്‍. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കനുസരിച്ച്, ഭാരത് ഫോര്‍ജിന്റെ സ്റ്റാന്‍ഡലോണ്‍ വരുമാനത്തിന്റെ ആറിലൊന്ന് വടക്കേ അമേരിക്കയില്‍ നിന്നാണ് നേടുന്നത്. ട്രംപ് അധികാരത്തിലേറിയത് മുതല്‍ ഓഹരിവിലയില്‍ 12% ത്തിലധികം ഇടിവ് നേരിട്ടു.
അതേസമയം, യുഎസ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആഡംബര കാറുകളും സോളാര്‍ സെല്ലുകളും ഉള്‍പ്പെടെ 30 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
പരസ്പര താരിഫ് ഭീഷണി ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഐടി ഓഹരികളെയും ബാധിച്ചേക്കാം. അസംസ്‌കൃത എണ്ണ, ആണവ റിയാക്ടറുകള്‍ എന്നിവയാണ് യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍.