7 Sep 2023 6:00 AM GMT
Summary
- പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ശുഭാപ്തിവിശ്വാസം കൈവിടില്ലെന്ന് അമേരിക്ക
- അന്തിമ പ്രഖ്യാപനത്തിനായി ജി20 ഷെര്‍പ്പകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്
- ഉക്രൈന്‍ യുദ്ധം ഉച്ചകോടിയില്‍ പ്രതിസന്ധിയാകും
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ ഒരു സംയുക്ത പ്രഖ്യാപനം സാധ്യമായേക്കുമോ എന്ന കാര്യത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. ഇതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കേണ്ടതുണ്ടെന്നു വാഷിംഗ്ടൺ പറയുന്നു.എങ്കിലും യുഎസ് ശുഭാപ്തിവിശ്വാസം കൈവെടിഞ്ഞിട്ടില്ലെന്ന് വെറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും വാരാന്ത്യത്തില്‍ അംഗീകരിക്കുന്ന അന്തിമ പ്രഖ്യാപനത്തിനായി ജി20 ഷെര്‍പ്പകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. എങ്കിലും ഉക്രൈന്‍ യുദ്ധം പാശ്ചാത്യ രാജ്യങ്ങളും റഷ്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഉക്രൈന്‍, മറ്റ് പ്രതിസന്ധികള്‍ എന്നിവ സംബന്ധിച്ച മോസ്‌കോയുടെ നിലപാടുകളെ പ്രതിഫലിപ്പിക്കാത്ത ഏത് ഉച്ചകോടി പ്രഖ്യാപനവും തന്റെ രാജ്യം തടയുമെന്ന് ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉച്ചകോടിക്കുമുമ്പുതന്നെ തീരുമാനങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ പര്യാപ്തമാണ്. മറുവശത്ത്, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും അന്തിമ ഉടമ്പടി ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.
ഈ വര്‍ഷം ഒരു സംയുക്ത ജി 20 പ്രഖ്യാപനം നടത്താനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എന്‍എസ്സി) സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞത് 'ഞങ്ങള്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു' എന്നാണ്്. പക്ഷേ ഒരേ സമയം 20 ഘടികാരങ്ങള്‍ മുഴങ്ങുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയും ഒരു സംയുക്ത പ്രഖ്യാപനമാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ അമേരിക്കഅതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളില്‍ എപ്പോഴും ഉക്രൈന്‍ യുദ്ധമാണ് പ്രതിസന്ധി സൃഷ്ടിക്കുക. കാരണം റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ അതിനെ എതിര്‍ക്കും. കാര്യങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് എന്ന് നമുക്ക് നോക്കാം'' എന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
ജി 20 രാജ്യങ്ങള്‍ ലോക ജിഡിപിയുടെ 85 ശതമാനവും ലോക വ്യാപാരത്തിന്റെ 75 ശതമാനവും ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.