20 April 2024 3:41 PM IST
Summary
- മൂന്ന് ചൈനീസ് കമ്പനികള്‍ക്കും ഒരു ബലാറസ് കമ്പനിക്കുമെതിരെയാണ് യുഎസ് ഉപരോധം
- പാക്കിസ്ഥാനുള്ള ആയുധങ്ങളും സഹായങ്ങളും പ്രധാനമായും നല്‍കുന്നത് ചൈനയാണ്
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈല്‍ ഘടകങ്ങള്‍ നല്‍കിയതിന് 3 ചൈനീസ് കമ്പനികള്‍ക്കും ഒരു ബെലാറസ് കമ്പനിക്കും എതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള സിയാന്‍ ലോംഗ്ഡെ ടെക്നോളജി ഡെവലപ്മെന്റ്, ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഗ്രാന്‍പെക്റ്റ് കമ്പനി ലിമിറ്റഡ്, ബെലാറസില്‍ നിന്നുള്ള മിന്‍സ്‌ക് വീല്‍ ട്രാക്ടര്‍ പ്ലാന്റ് എന്നിവയാണ് കമ്പനികള്‍ എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഈ സ്ഥാപനങ്ങള്‍ 'നിര്‍മ്മാണം, ഏറ്റെടുക്കല്‍, കൈവശം വയ്ക്കല്‍, വികസിപ്പിക്കല്‍, ഗതാഗതം എന്നിവയ്ക്കുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ, വന്‍തോതിലുള്ള ആയുധങ്ങളുടെ വ്യാപനത്തിനോ അവയുടെ വിതരണ മാര്‍ഗ്ഗങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങളിലോ ഇടപാടുകളിലോ ഏര്‍പ്പെട്ടിട്ടുണ്ട്. നോണ്‍ പ്രൊലിഫറേഷന്‍ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ സൈനിക നവീകരണ പരിപാടിക്കായി ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും പ്രധാന വിതരണക്കാര്‍ സഖ്യകക്ഷിയായ ചൈനയാണ്. പാക്കിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന് പ്രത്യേക വാഹന ചേസിസ് നല്‍കിയത് ബെലാറസിലെ മിന്‍സ്‌ക് വീല്‍ ട്രാക്ടര്‍ പ്ലാന്റ് ആണ്. പാക്കിസ്ഥാന്റെ നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്സ് (എന്‍ഡിസി) ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണ സഹായ ഉപകരണങ്ങളായി ഇത്തരം ചേസിസുകള്‍ ഉപയോഗിക്കുന്നു.
പാക്കിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിലേക്ക് ഫിലമെന്റ് വൈന്‍ഡിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള മിസൈലുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്തത് ചൈനയുടെ സിയാന്‍ ലോംഗ്ഡെ ടെക്നോളജി ഡെവലപ്മെന്റ് കമ്പനിയാണ്. റോക്കറ്റ് മോട്ടോര്‍ കേയ്‌സുകള്‍ നിര്‍മ്മിക്കാന്‍ ഫിലമെന്റ് വൈന്‍ഡിംഗ് മെഷീനുകള്‍ ഉപയോഗിക്കാം.
ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്സ് ഇന്റര്‍നാഷണല്‍ ട്രേഡ് കോ ലിമിറ്റഡ് പാക്കിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിലേക്ക് മിസൈലുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്തു.
വലിയ വ്യാസമുള്ള റോക്കറ്റ് മോട്ടോറുകള്‍ പരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഗ്രാന്‍പെക്റ്റ് കമ്പനി പാക്കിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.