21 Oct 2023 1:20 PM IST
Summary
ഇസ്രായേലിനു 14.3 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണു ബൈഡന്‍ അഭ്യര്‍ഥിച്ചത്
യുക്രെയ്ന്‍, ഇസ്രായേല്‍, യുഎസ് അതിര്‍ത്തി സുരക്ഷ, ഇന്തോ-പസഫിക്കില്‍ ചൈനയെ പ്രതിരോധിക്കല്‍ എന്നിവയ്ക്കായി 106 ബില്യണ്‍ ഡോളറിന്റെ ധനസഹായം അനുവദിക്കണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു.
ഇസ്രായേല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു യുഎസ് പ്രസിഡന്റ് ധനസഹായം അഭ്യര്‍ഥിച്ചത്.
യുഎസ് കോണ്‍ഗ്രസില്‍ പ്രതിനിധി സഭയില്‍ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) ഭൂരിപക്ഷമുള്ളത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. സഭയുടെ നാഥനായ സ്പീക്കര്‍ പദവി ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്. ഈ സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ട ധനസഹായം അനുവദിക്കല്‍ എളുപ്പമാകുമെന്നു കരുതുന്നില്ല.
യുക്രെയ്‌ന് 61.4 ബില്യന്‍ യുഎസ് ഡോളര്‍ അനുവദിക്കണമെന്നാണ് ജോ ബൈഡന്‍ നിര്‍ദേശിക്കുന്നത്.
112 ബില്യന്‍ യുഎസ് ഡോളറിന്റെ സഹായത്തിന് 2022-ല്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. 20 മാസമായി റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുകയാണ്.
ഈ മാസം ഏഴിനായിരുന്നു ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണം നടന്നത്. ഇസ്രായേലിനു 14.3 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണു ബൈഡന്‍ അഭ്യര്‍ഥിച്ചത്.
ഇസ്രായേലിലും, ഗാസയിലും, യുക്രെയ്‌നിലും മാനുഷിക തലത്തിലുള്ള സഹായം ലഭ്യമാക്കാന്‍ 9.15 ബില്യന്‍ ഡോളറും അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ചൈനയെ പ്രതിരോധിക്കാന്‍ 7.4 ബില്യന്‍ ഡോളറും, യുഎസ് അതിര്‍ത്തി സുരക്ഷയ്ക്ക് 13.6 ബില്യന്‍ ഡോളറും അനുവദിക്കണമെന്നും ബൈഡന്‍ യുഎസ് കോണ്‍ഗ്രസില്‍ അഭ്യര്‍ഥിച്ചു.