4 May 2023 8:48 AM IST
Summary
- ഈ വര്‍ഷം നിരക്ക് കുറയ്ക്കാനിടയില്ലെന്ന് പവ്വല്‍
- നിരക്ക് വര്‍ധന ചക്രം പൂര്‍ത്തിയായെന്ന് വിലയിരുത്തല്‍
- യുഎസ് ബാങ്കുകളുടെ പ്രതിരോധ ശേഷിയില്‍ വിശ്വാസമെന്ന് ഫെഡ് റിസര്‍വ്
പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പണപ്പെരുപ്പം 2 ശതമാനമാക്കി ക്രമപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി. ചെയര്‍മാന്‍ ജെറോം പവ്വലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ഒടുവില്‍ ഫണ്ട് നിരക്കിന്റെ ടാർഗെറ്റ് ശ്രേണി 5ല്‍ നിന്ന് 5.25 ശതമാനത്തിലേക്ക് ഉയർത്തി.
സമ്പദ് വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന, അപകടസാധ്യതകളുടെ അടിസ്ഥാനത്തില്‍ ധനനയം ഉചിതമായ രീതിയിൽ ക്രമീകരിക്കാൻ തയ്യാറാണെന്നും ഫെഡ് റിസര്‍വ് മോണിറ്ററി കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് നിരക്ക് വര്‍ധന തുടരണോ എന്നതില്‍ പാലിക്കുക എന്ന് ജെറോ പവ്വല്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ബാങ്കുകള്‍ കരുത്തുറ്റതും പ്രതിരോധ ശേഷിയുള്ളതുമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായ പലിശനിരക്ക് വര്‍ധനയുടെ അവസാനത്തെ ഏടാകും ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കൊറോണ മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കലിന്‍റെ ഘട്ടത്തിലാണ് തുടര്‍ച്ചയായ നിരക്ക് വര്‍ധനയിലേക്ക് ഫെഡ് റിസര്‍വ് നീങ്ങിയത്. എന്നാല്‍ മുന്നിലുള്ള ക്രെഡിറ്റ് വെല്ലുവിളികളിലേക്കും സാമ്പത്തിക അസ്ഥിരതയിലേക്കും ശ്രദ്ധ നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ അവലോകന യോഗം പൂര്‍ത്തിയായിട്ടുള്ളത്. കൂടുതല്‍ നിരക്ക് വര്‍ധന ആവശ്യമായി വന്നേക്കുമെന്ന് തൊട്ടുമുന്‍പുള്ള നയപ്രഖ്യാപനങ്ങളില്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ ഇത്തവണ അത് ഒഴിവാക്കിയിട്ടുണ്ട്.
2022 മാർച്ച് മുതലുള്ള 10 യോഗങ്ങളിലൂടെ ഫെഡറേഷന്റെ പോളിസി നിരക്ക് 5 ശതമാനം വർധിപ്പിച്ചു. ഇത് നിരക്ക് വര്‍ധയുടെ ഭയാനകമായ വേഗം എന്നാണ് പവല്‍ വിശേഷിപ്പിച്ചത്. നിരക്ക് വര്‍ധനയുടെ സ്വാധീനം കൃത്യമായി തിരിച്ചറിയുന്നതിന് കുറച്ച് സമയം ആവശ്യമായുണ്ട്. പണപ്പെരുപ്പമാണ് പ്രധാന ആശങ്കയായി തുടരുന്നതെന്നും അതിനാൽ നിരക്ക് വർദ്ധനയുടെ ചക്രം അവസാനിച്ചുവെന്ന് ഇപ്പോള്‍ തന്നെ തിടുക്കപ്പെട്ട് ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഇനി പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളെയും ഫെഡ് റിസര്‍വ് ചെയര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കുറയുന്നത് സാവധാനത്തിലായിരിക്കും എന്ന വിലയിരുത്തലാണ് ഇതിന് കാരണം. ജൂണിലാണ് ഫെഡ് റിസര്‍വിന്‍റെ അടുത്ത ധനനയ അവലോകനം നടക്കുന്നത്.