4 Feb 2025 4:11 AM GMT
Summary
- ഒരു യുഎസ് മിലിട്ടറി സി -17 വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്
- ഇമിഗ്രേഷന്‍ അജണ്ട നടപ്പിലാക്കാന്‍ ട്രംപ് സൈന്യത്തിനെ ആശ്രയിക്കുന്നു
- യുഎസില്‍ 18,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെന്ന് കണ്ടെത്തല്‍
അനധികൃതമായി യുഎസിലേക്ക് കടന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം നാടുകടത്താന്‍ തുടങ്ങിയതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. ഒരു യുഎസ് മിലിട്ടറി സി -17 വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടതായും വാര്‍ത്തയുണ്ട്.
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് അധിക സൈനികരെ അയയ്ക്കുക, കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനം ഉപയോഗിക്കുക, അവര്‍ക്ക് പാര്‍പ്പിടത്തിനായി സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങിയ നടപടികളുമായാണ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുപോകുന്നത്. തന്റെ ഇമിഗ്രേഷന്‍ അജണ്ട നടപ്പിലാക്കാന്‍ സഹായിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതലായി സൈന്യത്തിലേക്ക് തിരിയുകയാണ്.
ദേശീയ സുരക്ഷ, സാമ്പത്തിക ആഘാതം, നിയമവാഴ്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യണമെന്ന് ട്രംപ് നിരന്തരം വാദിച്ചിരുന്നു. അനധികൃത കുടിയേറ്റം പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുകയും രാജ്യത്തിന്റെ വിഭവങ്ങളെ ഭാരപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു.
കഴിഞ്ഞ മാസം ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, യുഎസില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി ബ്ലൂംബെര്‍ഗിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. യുഎസിലെ 18,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി ഇരു രാജ്യങ്ങളും ചേര്‍ന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
ഇതുവരെ, യുഎസ് സൈനിക വിമാനം ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ എത്തിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12 മുതല്‍ രണ്ട് ദിവസത്തെ യുഎസില്‍ സന്ദര്‍ശനം നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.
രണ്ട് ദിവസത്തെ പാരിസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകാനാണ് സാധ്യത.