20 Sep 2023 10:47 AM GMT
Summary
- ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ ഡിജിറ്റല്‍ പേയ് മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്നതാണ് യുപിഐ 123 പേ.
- ഓട്ടോ പേ യുപിഐ ക്യുആര്‍ വഴി ആവര്‍ത്തിച്ചു ചെയ്യുന്ന പേയ്‌മെന്റുകള്‍ തടസമില്ലാതെ ചെയ്യാന്‍ സാധിക്കും.
യുപിഐ ഇടപാടുകള്‍ക്കായി മൂന്ന് പേയ്‌മെന്റ് ഓപ്ഷനുകള്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. യുപിഐ123 പേയിലൂടെയുള്ള ഇടപാടുകള്‍ ഫോണ്‍ കോളിലൂടെ അനായാസമാക്കുന്നു എന്നതാണ് ആദ്യത്തേത്. തടസമില്ലാതെ യുപിഐ ഇടപാടുകള്‍ നടത്താനുള്ള യുപിഐ പ്ലഗ് ഇന്‍ സേവനമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് ഓട്ടോപേ ക്യുആര്‍ ഇടപാടുകളാണ്. ഈ മൂന്ന് സേവനങ്ങളിലൂടെയും തടസരഹിതമായി യുപിഐ ഇചപാടുകള്‍ നടത്താന്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ ഡിജിറ്റല്‍ പേയ് മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്നതാണ് യുപിഐ 123 പേ. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്‌ഫോണോ, ഫീച്ചര്‍ ഫോണോ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം (ഐവിആര്‍) വഴി ഉപഭോക്താക്കള്‍ക്ക് ഏത് സേവനത്തിനും അനായാസമായി ബുക്ക് ചെയ്യാനും പണമടയ്ക്കാനും ഇത് വഴി കഴിയും. ഉദാഹരണത്തിന്, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോ സ്മാര്‍ട്ട്‌ഫോണോ ആവശ്യമില്ലാതെ, ഫോണ്‍ കോള്‍ ഉപയോഗിച്ച് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനുമുള്ള സൗകര്യം എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്ത്യന്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
യുപിഐ പ്ലഗ്-ഇന്‍ സേവനം വഴി തടസ്സമില്ലാത്തതും സംഘര്‍ഷരഹിതവുമായ പേയ്‌മെന്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഇത് യുപിഐയില്‍ പണമടയ്ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മെര്‍ച്ചന്റ്, പേയ്‌മെന്റ് അപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നു. യുപിഐ ഉപയോഗിക്കുന്ന വ്യാപാരികളില്‍ നിന്ന് വാങ്ങലുകള്‍ നടത്തുമ്പോള്‍ ഇതുവഴി ഉപഭോക്താവിന്റെ ഇടപാടുകള്‍ സുഗമവും വേഗത്തിലും നടത്താന്‍ സാധിക്കും.
ഓട്ടോ പേ യുപിഐ ക്യുആര്‍ വഴി ആവര്‍ത്തിച്ചു ചെയ്യുന്ന പേയ്‌മെന്റുകള്‍ തടസമില്ലാതെ ചെയ്യാന്‍ സാധിക്കും. അതായത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഓഡിയോ സബ്‌സ്‌ക്രിപ്ഷനുകള്‍, ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയഡിജിറ്റലായി സബക്രിപ്ഷന്‍ ചെയ്യുന്ന സേവനങ്ങള്‍ക്കുള്ള പണമടയ്ക്കല്‍ ഓട്ടോപേ യുപിഐ ക്യുആര്‍ വഴി വേഗത്തില്‍ ചെയ്യാന്‍ സാധിക്കും.