28 May 2023 11:59 AM GMT
2026-27ഓടെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 90% യുപിഐ വഴിയാകും: പിഡബ്ല്യൂസി ഇന്ത്യ റിപ്പോർട്ട്
MyFin Desk
Summary
- നിലവില്‍ യുപിഐ വിഹിതം 75%
- ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഡെബിറ്റ് കാര്‍ഡുകളെ മറികടക്കും
- ഡെബിറ്റ് കാര്‍ഡുകളുടെ വളര്‍ച്ച പരിമിതമാകുന്നു
ക്രമാനുഗതമായ വേഗത്തില്‍ വളര്‍ച്ച പ്രകടമാക്കുന്ന യുപിഐ ഇടപാടുകളുടെ എണ്ണം 2026-27 ആകുമ്പോഴേക്കും പ്രതിദിനം 1 ബില്ല്യണിലെത്തുമെന്ന് പിഡബ്ല്യുസി ഇന്ത്യ റിപ്പോർട്ട്. രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 90 ശതമാനവും കൈയാളുന്ന തലത്തിലേക്ക് യുപിഐ എത്തുെമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയില്‍ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) 2022-23 കാലയളവിലെ റീട്ടെയിൽ ഡിജിറ്റല്‍ പേമെന്‍റുകളില്‍ 75 ശതമാനം വിഹിതം കൈവരിച്ചതായി "ദി ഇന്ത്യൻ പേയ്‌മെന്റ് ഹാൻഡ്‌ബുക്ക് 2022-27" എന്ന തലക്കെട്ടിലുള്ള പിഡബ്ല്യുസി റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് വിപണി ഇടപാടുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ 50 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സിഎജിആര്‍) പ്രകടമാക്കിയത്. 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് ഇടപാടുകളുടെ എണ്ണം 2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2022-23 ലെ 83.71 ബില്യണില്‍ നിന്ന് യുപിഐ ഇടപാടുകളുടെ എണ്ണം 2026-27 ആകുമ്പോഴേക്കും 379 ബില്യണായി മാറും. യുപിഐ കഴിഞ്ഞാല്‍ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാര്‍ഗം കാർഡ് (ഡെബിറ്റ്, ക്രെഡിറ്റ്) പേയ്‌മെന്‍റാണ്. ക്രെഡിറ്റ് കാർഡുകളിലെ ഇടപാടുകളുടെ എണ്ണം 2024-25 സാമ്പത്തിക വർഷത്തോടെ ഡെബിറ്റ് കാർഡുകളിലെ എണ്ണത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇഷ്യു 21 ശതമാനത്തിന്‍റെ ആരോഗ്യകരമായ സിഎജിആര്‍ പ്രകടമാക്കും. എന്നാല്‍ ഡെബിറ്റ് കാർഡ് ഇഷ്യു ഇക്കാലയളവില്‍ 3 ശതമാനം സിഎജിആര്‍ എന്ന പരിമിതമായ വളര്‍ച്ചയിലേക്ക് ചുരുങ്ങും. ഡെബിറ്റ് കാർഡ് ഇടപാടുകള്‍ പ്രധാനമായും പണം പിൻവലിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. യുപിഐ വന്നതോടെ ഈ ഉപയോഗം വലിയ തോതില്‍ കുറഞ്ഞു.
2022-23 ലെ മൊത്തം കാർഡ് പേയ്മെന്‍റ് വരുമാനത്തിന്‍റെ 76 ശതമാനവും ക്രെഡിറ്റ് കാർഡ് ബിസിനസ്സ് വഴിയുള്ള വരുമാനമാണ്. ഇത് ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ഫിൻടെക്കുകള്‍ക്കും ലാഭകരമായ ബിസിനസ്സ് വിഭാഗമാക്കി ക്രെഡിറ്റ് കാര്‍ഡുകളെ മാറ്റുന്നു. ക്രെഡിറ്റ് കാർഡ് ഇഷ്യൂവിനുള്ള വരുമാനം 2021-22 നെ അപേക്ഷിച്ച് 2022-23ൽ 42 ശതമാനം വർദ്ധിച്ചു, അടുത്ത അഞ്ച് വർഷത്തേക്ക് ഇത് 33 ശതമാനം സിഎജിആറില്‍ വളരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.