image

30 May 2023 5:16 AM

News

സൂക്ഷിക്കുക! ഓണ്‍ലൈന്‍ പേയ്‌മെന്റ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

MyFin Desk

online payment scams rise
X

Summary

  • കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 കാലയളവില്‍ രാജ്യത്ത് യുപിഐ ഇടപാടുകള്‍ അടിസ്ഥാനമാക്കിയ 95,000-ത്തിലധികം തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്നാണ്
  • ഓണ്‍ലൈനില്‍ നമ്മളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനൊപ്പം സൈബര്‍ തട്ടിപ്പിനുള്ള സാധ്യതയും വര്‍ധിച്ചു
  • കോവിഡ്-19ന് ശേഷം കൂടുതല്‍ ആളുകള്‍ പണരഹിത ഓണ്‍ലൈന്‍ പേയ്‌മെന്റുകളിലേക്ക് മാറിയതാണ് യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പു വര്‍ധിക്കാന്‍ കാരണം


ഇന്ന് ഡിജിറ്റല്‍ സ്‌പേസ് നമ്മളുടെ ജീവിതത്തെ കൂടുതല്‍ സുഗമമാക്കിയിരിക്കുകയാണ്.

ഷോപ്പിംഗ് മുതല്‍, അവധി ദിവസങ്ങള്‍ ആസൂത്രണം ചെയ്യാനും ഭക്ഷണമോ പലചരക്ക് സാധനങ്ങളോ ഓര്‍ഡര്‍ ചെയ്യാനും വരെ ഓണ്‍ലൈന്‍ സേവനങ്ങളെയാണ് നമ്മളില്‍ ഭൂരിഭാഗവും ഇന്ന് ആശ്രയിക്കുന്നത്.

അതിലൂടെ ഓണ്‍ലൈനായി കൂടുതല്‍ പണമിടപാടുകള്‍ നടക്കുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുകള്‍ (യുപിഐ) നമ്മള്‍ പണം കൈകാര്യം ചെയ്യുന്ന രീതിയെ തന്നെ അക്ഷരാര്‍ഥത്തില്‍ മാറ്റിമറിച്ചു. ഓണ്‍ലൈനില്‍ നമ്മളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനൊപ്പം സൈബര്‍ തട്ടിപ്പിനുള്ള സാധ്യതയും വര്‍ധിച്ചു.

സമീപകാലത്ത് വാട്‌സ് ആപ്പ് തട്ടിപ്പിനെ കുറിച്ചു നമ്മളൊക്കെ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ജോലി വാഗ്ദാനം ചെയ്തും, സിനിമയില്‍ റോള്‍ ഓഫര്‍ ചെയ്തുമൊക്കെ പണം തട്ടിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയൊക്കെ ഭൂരിഭാഗവും ഓണ്‍ലൈനിലൂടെയായിരുന്നു. ഇതോടൊപ്പം യുപിഐ അടിസ്ഥാനമാക്കിയ തട്ടിപ്പുകളും അരങ്ങേറുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 കാലയളവില്‍ രാജ്യത്ത് യുപിഐ ഇടപാടുകള്‍ അടിസ്ഥാനമാക്കിയ 95,000-ത്തിലധികം തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്നാണ്.

2021-22ല്‍ 84,000 യുപിഐ തട്ടിപ്പ് കേസുകളും 2020-21ല്‍ 77,000 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22നെ അപേക്ഷിച്ച് 2022-23ലെത്തിയപ്പോള്‍ കേസുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി.

ഡല്‍ഹി പോലീസിന്റെ കണക്കുകള്‍ പ്രകാരം 2021-ല്‍ 5,577ും 2022-ല്‍ 11,717ും യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതികള്‍ ലഭിച്ചെന്നാണ്. കോവിഡ്-19ന് ശേഷം കൂടുതല്‍ ആളുകള്‍ പണരഹിത ഓണ്‍ലൈന്‍ പേയ്‌മെന്റുകളിലേക്ക് മാറിയതാണ് യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ കേസുകള്‍ വര്‍ധിക്കാന്‍ കാരണം.

തട്ടിപ്പിനായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക തരം സോഫ്റ്റ്‌വെയര്‍ (ഭൂരിഭാഗം കേസുകളിലും മൊബൈല്‍ ആപ്പ്) തട്ടിപ്പിന് ഇരയാകുന്നവരോട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നിടത്താണ് സൈബര്‍ തട്ടിപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയ സുപ്രധാന വിവരങ്ങളും രേഖപ്പെടുത്താന്‍ നിര്‍ദേശിക്കും. ഇത്തരത്തില്‍ തട്ടിപ്പുകാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകഴിയുമ്പോള്‍ ഫോണിന്റെയും ഫോണിലുള്ള ഇ-വാലറ്റിന്റെയും നിയന്ത്രണം മുഴുവനായി തട്ടിപ്പുകാരുടെ കൈകളില്‍ വന്നു ചേരും.

യുപിഐ തട്ടിപ്പു കേസുകളില്‍ പൊതുവായി കണ്ടുവരുന്ന ഒരു രീതി വാട്‌സ് ആപ്പിലേക്കോ ടെക്സ്റ്റ് സന്ദേശമായോ ഇരയ്ക്ക് ലിങ്ക് അയച്ചു കൊണ്ടുള്ളതാണ്.

വലിയ ഒരു തുക ലോട്ടറി അടച്ചിരിക്കുകയാണെന്നും തുക കൈപ്പറ്റണമെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും സൂചിപ്പിച്ചു കൊണ്ട് സന്ദേശം അയയ്ക്കും. ഈ സന്ദേശം ലഭിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഇര അവരുടെ ഫോണിലേക്കോ ഇ-വാലറ്റിലേക്കോ തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതി കൊടുക്കുന്നതിനു തുല്യമാകും. പിന്നീട് ഫോണ്‍, ഇ-വാലറ്റിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ സ്വന്തമാക്കുകയും ചെയ്യും.

ചില കേസുകളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും തട്ടിപ്പ് അരങ്ങേറാറുണ്ട്.

പൊതുവേ യുപിഐ പേയ്‌മെന്റുകള്‍ സുരക്ഷിതമാണെങ്കിലും അത് കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തട്ടിപ്പിന് വിധേയരാകേണ്ടി വരും.

യുപിഐ പിന്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കേണ്ട ഒന്നാണ്. അത് മറ്റൊരാളുമായി ഷെയര്‍ ചെയ്യാതെ സൂക്ഷിക്കുന്നതാണ് തട്ടിപ്പ് ഒഴിവാക്കാനുള്ള ഒരു മാര്‍ഗമെന്നു പോലീസ് പറയുന്നു.