11 April 2023 11:21 AM GMT
Summary
- ബിസിനസുകാരും വ്യാപാരികളുമാണ് ഇരയാകുന്നവരില്‍ കൂടുതലും
- കരിമ്പട്ടികയില്‍ വരികയും ഫ്രീസാവുകയു ചെയ്യുന്നു
യു.പി.ഐ ഇടപാടിലൂടെ പണം സ്വീകരിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചുവരുകയാണ്. ബിസിനസുകാരും വ്യാപാരികളുമാണ് ഇരയാകുന്നവരില്‍ കൂടുതലും. ആരാണ് ഇതിനു പിന്നില്‍?
അരിപ്പത്തിരി വിറ്റ തുക യു.പി.ഐ ഇടപാടിലൂടെ വാങ്ങിയതിന്റെ പേരില്‍ കച്ചവടക്കാരന്‍ വെട്ടിലായ സംഭവം യു.പി.ഐ ഇടപാടുകളെ സംബന്ധിച്ച് സാധാരണക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായില്‍ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയാണ്. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കേസുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സമാനമായ രീതിയില്‍ യു.പി.ഐ ഇടപാട് നടത്തിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കള്ളക്കേസുകളില്‍ കുടുക്കി മരവിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനകം നിരവധിയാളുകളാണ് വിവിധ ജില്ലകളില്‍ നിന്നായി ഇത്തരം പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്മായിലിനെ ചതിച്ചത് ഗൂഗിള്‍ പേ
300 രൂപ മൂലം വീട് നിര്‍മാണത്തിനുള്ള നാല് ലക്ഷം രൂപ പിന്‍വലിക്കാനാകാതെ ദുരിതത്തിലാണ് അരിപ്പത്തിരി കച്ചവടക്കാരനായ ആലപ്പുഴ സ്വദേശി ഇസ്മായില്‍. തൃക്കുന്നപ്പുഴ പാനൂര്‍ സ്വദേശിനിയായ യുവതി അരിപ്പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിള്‍ പേ വഴി അയച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പണം അയച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടില്‍ കേസുണ്ടെന്നാണ് അമ്പലപ്പുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തി.
ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹല്‍വാദ് പൊലീസ് സ്‌റ്റേഷനുമായും ബന്ധപ്പെട്ടു. ആറുമാസമായി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടത്തിലാണ് ഇസ്മായില്‍.
തലസ്ഥാനത്തെ വ്യവസായിക്ക് നഷ്ടമായത് ഒരുകോടിയോളം രൂപ
ഗുജറാത്തില്‍ നിന്ന് പണം എത്തിയതിനു പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് വലയുകയാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി സെന്റ് ബേബി. കഴിഞ്ഞ മൂന്ന് മാസമായി സെന്റ് ബേബിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസാണ്. ബാങ്ക് ജീവനക്കാരോട് കാര്യമന്വേഷിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചതെന്നും സെന്റ് ബേബി പറഞ്ഞു.
തിരുവനന്തപുരം കുറവന്‍കോണത്ത് കെട്ടിടനിര്‍മാണ സാധനങ്ങള്‍ മൊത്തക്കച്ചവടം നടത്തുന്നയാളാണ് സെന്റ് ബേബി. സെന്റ് ടെക് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ അക്കൗണ്ട് ഫ്രീസാണ്. ബാങ്കിന്റെ സാങ്കേതിക തകരാറോ അല്ലെങ്കില്‍ അക്കൗണ്ടിന്റെ എന്തെങ്കിലും പ്രശ്‌നമോ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സെന്റ് ബേബി പറഞ്ഞു. തന്റെ അവസ്ഥ നിരവധിപേര്‍ക്കുണ്ടായതായി പിന്നീടാണ് അറിഞ്ഞതെന്നും സെന്റ് ബേബി പറഞ്ഞു.
സെന്റ് ടെകിന്റെ അക്കൗണ്ടിന് പുറമേ സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളിയായ സുബീഷിന്റെയും സേവിംഗ്‌സ് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് ജനുവരി 21ന് 10,400 രൂപ കമ്പനി അക്കൗണ്ടില്‍ ക്രെഡിറ്റായി. നാല് ദിവസത്തിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്ന് സ്ഥാപനമുടമ പറഞ്ഞു. ഉടന്‍ തന്നെ പണം വന്ന അക്കൗണ്ടിലേക്ക് തിരികെ പണമയച്ചു. എന്നിട്ടും ഫ്രീസായ അക്കൗണ്ട് പഴയപടിയായില്ല.
ഇതേകുറിച്ച് തന്നോട് ബാങ്ക് ജീവനക്കാര്‍ എന്തെങ്കിലും പറയുകയോ ഇ മെയില്‍ അയക്കുകയോ പോലും ചെയ്തില്ല. ബാങ്കില്‍ അന്വേഷിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
സ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി പണമിടപാടുകള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. ലക്ഷങ്ങളുടെ ബാധ്യത ഇപ്പോള്‍ തന്നെ ഉണ്ടെന്നും സെന്റ് ബേബി പറഞ്ഞു. സര്‍ക്കാരോ ബാങ്കോ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണമെന്നാണ് ഇവരുടെ ആവശ്യം. സൈബര്‍ സെല്ലിലും പൊലീസിലും പരാതിയും കൊടുത്തിട്ടുണ്ട്. ഫ്രീസായ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ 70 ലക്ഷത്തോളം രൂപയുണ്ട്.
തട്ടിപ്പ് കൊല്ലത്തും
കൊല്ലത്തും യു.പി.ഐ ഇടപാടിലൂടെ പണം സ്വീകരിച്ച വ്യാപാരിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവമുണ്ടായി. കായ്ക്കലില്‍ ബേക്കറി നടത്തുന്ന അര്‍ഷാദിന്റെ എസ്.ബി.ഐ അക്കൗണ്ടാണ് മരവിപ്പിച്ചത്. ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയയാള്‍ അര്‍ഷാദിന്റെ അക്കൗണ്ടിലേക്ക് 500 രൂപ അയച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം.
കഴിഞ്ഞ ഏഴ് വര്‍ഷമായി കടയ്ക്കലില്‍ ഗ്രാന്‍ഡ് സ്റ്റാര്‍ എന്ന പേരില്‍ ബേക്കറി നടത്തുകയാണ് അര്‍ഷാദ്. നാട്ടിന്‍പുറങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് പ്രചാരം നേടിയത് മുതല്‍ തന്നെ അര്‍ഷാദിന്റെ ബേക്കറിയിലും ഫോണ്‍പേ ഉള്‍പ്പെടെ യു.പി.ഐ വഴി പണം ഇടപാട് നടത്താനുള്ള സൗകര്യമുണ്ട്. അങ്ങനെയിരിക്കെയാണ്
കഴിഞ്ഞ നവംബര്‍ ഏഴിന് തട്ടത്ത്മല എസ്.ബി.ഐ ബ്രാഞ്ചിലുള്ള തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതായി അര്‍ഷാദിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്. നിരവധി തവണ ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കൈ മലര്‍ത്തി. ആരാണ് പണം അയച്ചതെന്നോ എന്നാണ് പണം അയച്ചതെന്നോ ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
എറണാകുളത്ത് ഏഴ് പേരുടേത്
എറണാകുളം മുപ്പത്തടത്ത് ഏഴോളം കച്ചവടക്കാരുടെ അക്കൗണ്ടാണ് യു.പി.ഐ വഴി പണമിടപാട് നടത്തിയതിന്റെ പേരില്‍ ഫ്രീസ് ചെയ്തത്. ഗുജറാത്തില്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് ഫ്രീസായതെന്നാണ് ബാങ്കിന്റെ മറുപടി. സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടെ അക്കൗണ്ടുകളാണ് ഫ്രീസാക്കിയിരിക്കുന്നത്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഗുജറാത്തിലെ സംഘത്തിന്റെ ഫോണ്‍നമ്പറും മെയില്‍ ഐ.ഡിയുമാണ് തന്നതെന്ന് ഒരു കച്ചവടക്കാരന്‍ പറഞ്ഞു. അവരുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി മെയിലില്‍ അയക്കാന്‍ പറഞ്ഞുവെന്നും അത് മേലുദ്യോഗസ്ഥന് കൈമാറാമെന്ന് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗുജറാത്തിലെ സൈബര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ ലഭിക്കുന്നില്ലെന്നും മെയില്‍ അയച്ചിട്ട് മറുപടിയില്ലെന്നും മറ്റൊരാള്‍ പറഞ്ഞു.
കോഴിക്കോട്ട് മൂന്നരലക്ഷം രൂപ
കോഴിക്കോട് ഈങ്ങാപ്പുഴയിലെ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും മൂന്നരലക്ഷം രൂപയാണ് ഫ്രീസ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം മൊബൈല്‍ റീച്ചാര്‍ജ് ഡി.ടി.എച്ച് തുടങ്ങിയ സേവനങ്ങള്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടാണ് കഴിഞ്ഞ മെയ് മാസം മുതല്‍ മുടങ്ങിക്കിടക്കുന്നത്. പണം പിന്‍വലിക്കാനോ മറ്റു ഇടപാടുകള്‍ നടത്താനോ ഇദ്ദേഹത്തിനാകുന്നില്ല.
കോഴിക്കോട്ടെ കണ്ണൂര്‍ റോഡിലുള്ള സ്വകാര്യ ബാങ്കില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ പറയുന്നതു കേള്‍ക്കാന്‍ പോലും ബാങ്കധികൃതര്‍ തയാറായില്ല. വളരെ പരുഷമായാണ് സംസാരിച്ചതെന്നും പോയി കേസുകൊടുക്കാനാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ഇത്തരം കേസുകളുണ്ടെന്നും അതിന്റെ പേരിലാണ് തന്റെ ഇടപാടും ഫ്രീസ് ചെയ്തിരിക്കുന്നതെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പണയപ്പെടുത്തിയാണ് ഇദ്ദേഹം സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഫ്രീസിങ് വ്യാജ കേസുകളുടെ പേരില്‍!
യു.പി.ഐ ഇടപാട് നടത്തിയ പലരുടെയും അക്കൗണ്ടുകള്‍ വ്യാജ കേസുകളുടെ ഭാഗമാക്കി മരവിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ബുദ്ധിമുട്ടിലായവര്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ അറിയുന്നത് ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പേരില്‍ ഫ്രീസ് ചെയ്യുന്നുവെന്നതാണ്. എന്നാല്‍ തങ്ങള്‍ എന്തു തെറ്റുചെയ്തുവെന്ന ചോദ്യത്തിന് ബാങ്കധികൃതര്‍ മറുപടി നല്‍കുന്നില്ല.
മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ ഇടപെടാനും പിടിച്ചുവെക്കപ്പെട്ട പണം ലഭിക്കാനും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഒട്ടേറെ ആളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് ഈവിധം തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളത്.
പിന്നില്‍ വമ്പന്‍ തട്ടിപ്പും
രണ്ട് അക്കൗണ്ടുകളില്‍ നിന്നാണ് കളി തുടങ്ങുന്നത്. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണമയച്ച് ആ അക്കൗണ്ടിനെതിരെ തട്ടിപ്പെന്ന വ്യാജേന പരാതി നല്‍കും. തുടര്‍ന്ന് പരാതി നല്‍കപ്പെട്ട അക്കൗണ്ടില്‍ നിന്ന് പല ആളുകള്‍ക്കും ചെറിയ തുകകള്‍ അയക്കും. ഇതോടെ അത്തരം അക്കൗണ്ടുകളെല്ലാം കരിമ്പട്ടികയില്‍ വരികയും ഫ്രീസാവുകയും ചെയ്യും. കേസ് തീരാതെ ഫ്രീസായത് ഒഴിവാക്കുകയുമില്ല.
ഇങ്ങനെ ഫ്രീസായ അക്കൗണ്ട് ഉടമകളെ തട്ടിപ്പുകാര്‍ തന്നെ വിളിച്ച് പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പണം കൊടുത്തില്ലെങ്കില്‍ ഗുജറാത്തിലോ മറ്റോ പോയി കേസ് നടത്തണം. ഇതിനൊന്നും നില്‍ക്കാനാവാത്ത സാധാരണക്കാര്‍ പണം കൊടുത്ത് സെറ്റില്‍ ചെയ്യും.