image

20 July 2023 11:47 AM

News

സുരക്ഷിതമല്ലാത്ത ഭക്ഷണം കൊലയാളിയാകും

MyFin Desk

unsafe food can be a killer
X

Summary

  • പ്രതിവര്‍ഷം 4.2 ലക്ഷം മരണങ്ങള്‍ക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം കാരണമാകുന്നു
  • സുസ്ഥിരവികസനത്തിന് ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും നിര്‍ണായകം
  • എല്ലാവര്‍ക്കും സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം


സുരക്ഷിതമല്ലാത്ത ഭക്ഷണം ഏവരെയും നേരിട്ട് ബാധിക്കാവുന്ന പ്രശ്‌നമാണ്. ഇതിനെ നിസാരമായി തള്ളിക്കളയാനാകില്ല. പ്രതിവര്‍ഷം 600 ദശലക്ഷം അണുബാധകള്‍ക്കും 4.2 ലക്ഷം മരണങ്ങള്‍ക്കും പിന്നില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ആണ് എന്നറിയുമ്പോള്‍ വിഷയത്തിന്റെ ഗൗരവത്തെപ്പറ്റി ഒരു ധാരണ നമുക്കുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ചീഫ് എക്‌സിക്യൂട്ടീവ് ജി കമല വര്‍ധന റാവു വ്യാഴാഴ്ച 2023ലെ ആദ്യ ഗ്ലോബല്‍ ഫുഡ് റെഗുലേറ്റേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഭക്ഷ്യ ശൃംഖലയിലുടനീളം സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിന് ആഗോള പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് ഉച്ചകോടികൊണ്ട് ഉദ്ദേശിക്കുന്നത്.

''സുരക്ഷിത ഭക്ഷണവും മികച്ച ആരോഗ്യവും പരസ്പര പൂരകങ്ങളാണ്. സമീകൃതവും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം പ്രതിരോധശേഷിക്ക് ആവശ്യമാണ്. അത് നമ്മുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കും. ആഗോള സുസ്ഥിര വികസനത്തിന് ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം തുടങ്ങിയ വിഷയങ്ങള്‍ നിര്‍ണായകമാണ്'', ചടങ്ങില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ഭൂമിശാസ്ത്രപരമായി വിവിധ പ്രദേശങ്ങള്‍ കാര്‍ഷിക-കാലാവസ്ഥാ വൈവിധ്യങ്ങളാല്‍ സവിശേഷമാണ്. അതിനാല്‍ ഭക്ഷ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് ഒരു മാനദണ്ഡം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പ്രാദേശിക വൈവിധ്യങ്ങളെ ആഗോളതലത്തില്‍ മികച്ച രീതികളാക്കി മാറ്റുന്നത് എങ്ങനെയെന്ന് നമ്മള്‍ അന്വേഷിക്കേണ്ടതുണ്ട്,'' മാണ്ഡവ്യ പറഞ്ഞു.

ഭക്ഷ്യക്ഷാമം ആഗോള പ്രശ്നമായതിനാല്‍ സഹകരിച്ചുള്ള പരിഹാരങ്ങള്‍ ആവശ്യമാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ അതിനായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

''എല്ലായിടത്തും എല്ലാവര്‍ക്കും സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് നാം കൂട്ടായി ഉറപ്പാക്കണം'' എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഒരു പ്രത്യേക ഭക്ഷ്യ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, സുരക്ഷ, ലേബലിംഗ്, ക്ലെയിമുകള്‍, പ്രമാണങ്ങള്‍, നിയന്ത്രണങ്ങള്‍, നിരോധനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യകതകളും ഫുഡ് റെഗുലേറ്റര്‍മാര്‍ക്കുള്ള പൊതുവായ ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ് പ്ലാറ്റ്ഫോമും ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ഗൈഡായ Food-o-Copoeia യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഭക്ഷണം ഒരു അടിസ്ഥാന അവകാശമാണെന്നും അതിന്റെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കേണ്ടതുണ്ടെന്നും സെഷനിലെ വിശിഷ്ടാതിഥി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

''ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെയും ഭക്ഷ്യ വ്യവസായത്തിന്റെയും വലുപ്പവും അളവും കണക്കിലെടുക്കുമ്പോള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മുതല്‍ അവ അന്തിമ ഉപഭോക്താവിലേക്ക് എത്തുന്നത് വരെയുള്ള മുഴുവന്‍ ശൃംഖലയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഒരൊറ്റ സ്ഥാപനമായി പരിഗണിക്കേണ്ടത് പ്രധാനമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട ഏതൊരു നയവും കര്‍ഷകരെ പ്രതികൂലമായി ബാധിക്കരുത്. അവയുടെ കാതല്‍ എപ്പോഴും കര്‍ഷകരായിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റ് വിളകളെ അപേക്ഷിച്ച് കുറഞ്ഞ ജല ഉപഭോഗം, പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള കഴിവ്, ഉയര്‍ന്ന പോഷകമൂല്യം എന്നിവ എടുത്തുകാണിച്ചുകൊണ്ട് തിനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ വാദവും അദ്ദേഹം ഉന്നയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി പൊതു റെഗുലേറ്റര്‍ പ്ലാറ്റ്ഫോമായ 'സങ്ഗ്ര' - രാജ്യങ്ങള്‍ക്കുള്ള സുരക്ഷിത ഭക്ഷണം: ഗ്ലോബല്‍ ഫുഡ് റെഗുലേറ്ററി അതോറിറ്റി ഹാന്‍ഡ്ബുക്ക് പുറത്തിറക്കി. ലോകമെമ്പാടുമുള്ള 76 രാജ്യങ്ങളിലെ ഫുഡ് റെഗുലേറ്ററി അതോറിറ്റികളുടെ ഒരു ഡാറ്റാബേസ് ആണ് ഇത്. ആറ് പ്രാദേശിക ഭാഷകളില്‍ ഇവ ലഭ്യമാണ്.