15 Feb 2024 5:44 PM IST
Summary
- ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരെ കോടതിയെ സമീപിച്ചത് സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ്.
- ബോണ്ടിന്റെ രഹസ്യം സ്വഭാവം ചൂണ്ടിക്കാട്ടി സുപ്രീം കോടതി
- 2017-18 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ആദ്യമായി ഇലക്ടറല്‍ ബോണ്ട് പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയാണ് ഇന്ത്യ. പക്ഷേ, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാകട്ടെ കോടികളുടെ ബിസിനസുമാണ്. ആ ബിസിനസിലെ പ്രധാന വരുമാന സ്രോതസ് 2017 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഇലക്ട്‌റല്‍ ബോണ്ടുകളായിരുന്നു. ബോണ്ടിന്റെ രഹസ്യ സ്വഭാവം തന്നെയാണ് അതിനെ പ്രിയങ്കരമാക്കുന്നതും. അതിനെതിരെയാണ് സുപ്രീം കോടതി ഇന്ന് വടിയെടുത്തിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണ്, പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
ബോണ്ടിന്റെ രഹസ്യം സ്വഭാവം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ബോണ്ട് വാങ്ങുന്നവരുടെ വിവരങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അറിയാന്‍ സാധിക്കാത്തത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (a) യുടെയും ലംഘനമാണെന്നുമാണ് നിരീക്ഷിച്ചത്. ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരെ കോടതിയെ സമീപിച്ചത് സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ്. 2023 നവംബര്‍ രണ്ടിന് പരിഗണിച്ച കേസ് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. അന്ന് 2023 സെപ്റ്റംബര്‍ 30 വരെയുള്ള ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചിട്ടുള്ള തുകയുടെ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍
2017-18 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ആദ്യമായി ഇലക്ടറല്‍ ബോണ്ട് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ഒരു ഉപകരണമാണിത്. ഇലക്ടറല്‍ ബോണ്ട് സ്‌കീം 2018 അനുസരിച്ച് ഒരു പ്രോമിസറി നോട്ടിന്റെ രൂപത്തിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത്.
ബോണ്ട് വാങ്ങുന്നയാളുടെ പേര്, ഉടമസ്ഥാവകാശ വിവരങ്ങളൊന്നും അതില്‍ രേഖപ്പെടുത്താറില്ല. ബോണ്ട് 1,000 രൂപ, 10,000 രൂപ, ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നിങ്ങനെയുള്ള തുകകളില്‍ ലഭ്യമാകും. ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്കും ആഭ്യന്തര കമ്പനികള്‍ക്കും ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിലൂടെ സംഭാവന നല്‍കാം. ഈ ബോണ്ടുകള്‍ 15 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കും. വ്യക്തികള്‍ക്കോ, സംയുക്തമായോ ബോണ്ടുകള്‍ വാങ്ങാം. ഒരു വ്യക്തിക്ക് (കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) വാങ്ങാന്‍ കഴിയുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ എണ്ണത്തിന് പരിധിയില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിവര്‍ഷം സമര്‍പ്പിക്കുന്ന സംഭാവന റിപ്പോര്‍ട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു ഇലക്ടറല്‍ ബോണ്ടിനെതിരെ കോടതിയെ സമീപിച്ചവരുടെ വാദം. കൂടാതെ, വിവരാവകാശ പ്രകാരവും ഇത് സംബന്ധിച്ച രേഖകള്‍ ലഭിക്കില്ല എന്നത് പൗരന്മാരുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതിയും വ്യക്തമാക്കി.
എസ്ബിഐ നല്‍കണം വിവരങ്ങള്‍
പൊതുമേഖല ബാങ്കായ എസ്ബിഐക്കാണ് ഇലക്ടറല്‍ ബോണ്ടുകളുടെ നടത്തിപ്പ് ചുമതല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ഇതുവരെ ലഭിച്ച സംഭാവനകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും കോടതി എസ്ബിഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. കൂടാതെ, ഇലക്ടറല്‍ ബോണ്ടുകള്‍ നിര്‍ത്തിവെയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വരുന്നു
ഏപ്രില്‍-മെയ് മാസത്തോടെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനു മുമ്പുള്ള ഈ കോടതി വിധി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പില്‍ ഉറവിടം വ്യക്തമാക്കാത്ത പണത്തിന്റെ പങ്ക്, രാഷ്ട്രീയ ഭൂമികയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള പാര്‍ട്ടികളുടെ ആസ്തികള്‍ എന്നിവയെല്ലാം മനസലിക്കാന്‍ ഇത് കാരണമാകും.
കള്ളപ്പണം വെളുപ്പിക്കാന്‍ ഷെല്‍ കമ്പനികള്‍ ബോണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഈ സംവിധാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇലക്ടറല്‍ ബോണ്ടിലൂടെ 16,518 കോടി രൂപയാണ് ഇതുവരെയായി സമാഹരിച്ചതെന്ന് 2024 ഫെബ്രുവരി 5 ന് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ മനീഷ് തിവാരിയാണ് ചോദ്യം ഉന്നയിച്ചത്. അതിന് ഉത്തരം പറയവേയാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്.