image

27 Nov 2023 12:24 PM

News

കൂടുതല്‍ ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ടിവിഎസ്

MyFin Desk

tvs to launch more e-scooters
X

ഒരു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര വാഹന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനൊരുങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി.

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിലവില്‍ രണ്ട് ഇ-സ്‌കൂട്ടറുകളാണുള്ളത്. വാഹന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹന വില്‍പ്പനയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയിടുന്നതായും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുച്ചക്ര വാഹനവും ഒരുങ്ങുന്നു

ഇ-സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉപഭോക്താക്കള്‍ക്കായി വിവിധ വിലയിലുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനൊപ്പം തന്നെ കമ്പനി ഇലക്ട്രിക് മുചക്ര വാഹനം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം അഞ്ച് കിലോ വാട്ട് മുതല്‍ 25 കിലോ വാട്ട് വരെ റേഞ്ചിലുള്ള വാഹനങ്ങളുടെ നിര തന്നെ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നതെന്ന് കമ്പനിയുടെ ഡയറക്ടറും സിഇഒയുമായ കെ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വിപണിയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് കണക്കിലെടുത്ത് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യുബിന്റെ ഉത്പാദന ശേഷി പ്രതിമാസം 25,000 യൂണിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പ് പാദത്തില്‍ കമ്പനി അതിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് എക്‌സിന്റെ വില്‍പ്പന ആരംഭിക്കാനുള്ള ലക്ഷ്യത്തിലാണ്. ഇ-സ്‌കൂട്ടറുകള്‍ക്കായി കമ്പനിക്ക് 400 ടച്ച് പോയിന്റുകളാണുള്ളത്. ഇത് കമ്പനി തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സാന്നിധ്യവും ശക്തമാക്കും

ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ പുതിയ ഉ്തപന്നങ്ങള്‍ അവതരിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കയറ്റുമതിയിലും കമ്പനി കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. അടുത്ത രണ്ട്, മൂന്ന് പാദങ്ങള്‍ക്കുള്ളില്‍ ഐക്യൂബ് ഇന്ത്യക്ക് പുറമേ നിരവധി വിപണികളില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പല വിപണികളിലേക്ക് ഐക്യൂബിനെ എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. യൂറോപ്പിലേക്കും ഇത് എത്തും. ഇതിനായി കൃത്യമായ ആസൂത്രണവും പദ്ധതികളും ഞങ്ങള്‍ക്കുണ്ട്. ആഭ്യന്തര അന്തര്‍ദ്ദേശീയ വിപണികളില്‍ ടിവിഎസ് എക്‌സും ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ട്രിക് മുച്ചക്ര വാഹനം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മുച്ചക്ര വാഹന വിഭാഗത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം ഇത് കമ്പനി മെച്ചപ്പെടുത്തേണ്ട ഒരു മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിപണിയിലേക്ക് വരുമ്പോള്‍ മുച്ചക്ര വാഹന വിഭാഗത്തില്‍ കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നത്. കമ്പനി വളരെ നന്നായാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ട് പോകുന്നതിന് ഈ ഇവി മുച്ചക്ര വാഹനം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.