18 Nov 2024 10:28 AM GMT
Summary
- ടിവികെ- എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന് തമിഴ്‌നാട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചു
- അതിന് വ്യക്തത വരുത്താനാണ് പാര്‍ട്ടി പ്രസ്താവന നടത്തിയത്
- വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചതുമുതല്‍ എഐഎഡിഎംകെ തമിഴക വെട്രി കഴകത്തെ വിമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്
2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം.
പാര്‍ട്ടിയുടെ സമാരംഭ വേളയില്‍ വിജയ് തന്റെ രാഷ്ട്രീയ എതിരാളി ഭരണകക്ഷിയായ ഡിഎംകെയാണെന്നും തന്റെ പ്രത്യയശാസ്ത്രപരമായ എതിരാളി ബിജെപിയാണെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിവികെ- എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
'ടിവികെയുടെ ഉയര്‍ച്ചയെ തടയുക എന്ന ഉദ്ദേശത്തോടെ, ഒരു പ്രമുഖ തമിഴ് ദിനപത്രം തമിഴക വെട്രി കഴകവും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യത്തെ കുറിച്ച് അടിസ്ഥാന രഹിതമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
50 കാരനായ വിജയ്, ഒക്ടോബര്‍ 27 നാണ്് വില്ലുപുരം ജില്ലയില്‍ തമിഴക വെട്രി കഴകത്തിന്റെ ഉദ്ഘാടന രാഷ്ട്രീയ റാലി നടത്തിയത്. സമത്വം, സാമൂഹിക നീതി, മതേതരത്വം എന്നിവ ഊന്നിപ്പറയുന്ന, ദ്രാവിഡ ആദര്‍ശങ്ങളെ തമിഴ് ദേശീയതയുമായി കൂട്ടിയിണക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും ലക്ഷ്യങ്ങളും അദ്ദേഹം അന്ന് വിശദീകരിച്ചു.
നടന്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചതുമുതല്‍, എഐഎഡിഎംകെ ടിവികെയെ വിമര്‍ശിക്കുന്നില്ല. ഇത് സഖ്യസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. അത്തരമൊരു സഖ്യത്തിന്റെ ഭാഗമായാണ് വിജയ് ഉപമുഖ്യമന്ത്രി സ്ഥാനവും 2026 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 60 സീറ്റുകളും തേടുന്നതെന്ന് ചിലര്‍ അനുമാനിക്കുന്നു.
അതേസമയം, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അടുത്തിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങളും പരന്നു.
ബിജെപിയുമായുള്ള സഖ്യത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, ''ജനവിരുദ്ധ'' ഡിഎംകെയെ പുറത്താക്കാന്‍ പ്രതിജ്ഞാബദ്ധമായ ഏത് പാര്‍ട്ടിയുമായും സഖ്യം രൂപീകരിക്കുന്നത് തന്റെ പാര്‍ട്ടി പരിഗണിക്കുമെന്ന് ഇപിഎസ് പറഞ്ഞു. ഇത് രാഷ്ട്രീയ ഊഹാപോഹങ്ങളെ ഇളക്കിവിട്ടതിനെത്തുടര്‍ന്ന് ബിജെപിയുമായി സഖ്യമില്ലെന്ന് പ്രസ്താവിച്ച് ഇപിഎസ് അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു.