17 Jan 2025 9:44 AM GMT
Summary
- യുഎസ് താരിഫുകള്‍ ചൈനയെ ബാധിച്ചാല്‍ ബെയ്ജിംഗ് ഏഷ്യന്‍ കയറ്റുമതി വര്‍ധിപ്പിക്കും
- ഇത് ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
- ട്രംപുമായി ഇന്ത്യയ്ക്ക് മികച്ച വ്യാപാര ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും പ്രതീക്ഷ
ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ വിപണിയിലേക്ക് ചൈന കയറ്റുമതി വര്‍ധിപ്പിക്കും. ഇത് ഇന്ത്യ-ചൈന മല്‍സരം സൃഷ്ടിക്കുമെന്നും വിലയിരുത്തല്‍.
ഡൊണാള്‍ഡ് ട്രംപ് ആസൂത്രണം ചെയ്യുന്ന വ്യാപാര നിയന്ത്രണം കാര്യമായി ബാധിക്കാന്‍ പോവുന്ന രാജ്യമാണ് ചൈന. യുഎസിലേക്കുള്ള കയറ്റുമതി കുറയുമ്പോള്‍ ചൈന ബദല്‍ മാര്‍ഗമായി കാണുന്നത് എഷ്യന്‍ വിപണിയാണ്. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കുമെന്നുമാണ് ക്രിസില്‍ റിപ്പോര്‍ട്ട്.
വിലക്കുറവില്‍ ഏഷ്യല്‍ വിപണിയില്‍ ചൈന ചരക്കെത്തിച്ചാല്‍ വലിയ സമ്മര്‍ദ്ദമായിരിക്കും ഇന്ത്യന്‍ കയറ്റുമതി മേഖലയില്‍ വരിക. ഇന്ത്യയുടെ കയറ്റുമതിയിലെ മുന്നേറ്റം കുറയുമ്പോള്‍ ധനകമ്മി വര്‍ധിക്കാം. നിലവില്‍ ഉയര്‍ന്ന ധനകമ്മി രാജ്യത്തിന് ഭീഷണിയാണ്. ഇതിന് പുറമേയാണ് ചൈനയുടെ നീക്കം വരുന്നത്. ഈ വെല്ലുവിളി ഇന്ത്യ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വ്യാപാര മേഖലയിലെ രാജ്യത്തിന്റെ മുന്നേറ്റമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രകടനം അസ്ഥിരമാണ്. ആദ്യ പാദത്തില്‍ ചരക്ക് കയറ്റുമതി സ്ഥിരമായ വളര്‍ച്ച കാണിച്ചെങ്കിലും രണ്ടാം പാദത്തില്‍ അവ ചുരുങ്ങി. 2024 ഒക്ടോബറില്‍ വീണ്ടെടുക്കല്‍ ലക്ഷണം പ്രകടമായി. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കയറ്റുമതി വീണ്ടും കുറഞ്ഞു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര യുദ്ധവുമെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ദുര്‍ബലപ്പെടുത്താമെന്നും ക്രിസില്‍ പറയുന്നു. അതേസമയം ട്രംപുമായി ഇന്ത്യയ്ക്ക് മികച്ച വ്യാപാര ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം. യുഎസ് വിപണിയിലെ സാന്നിധ്യം ഉയര്‍ത്താന്‍ സാധിച്ചാല്‍ ചൈനയില്‍ നിന്നുള്ള മല്‍സരം വലിയ ആഘാതം സൃഷ്ടിക്കില്ലെന്നും അവര്‍ വിലയിരുത്തുന്നു.