21 Jan 2025 4:30 PM GMT
'കസേരയിൽ ഇരുന്നില്ല' ഒറ്റ രാത്രികൊണ്ട് ട്രംപ് നേടിയത് 60000 കോടി, സമ്പത്ത് വർധിച്ചത് ഇങ്ങനെ
MyFin Desk
ഇന്നലെയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47ാo മത് പ്രസിഡന്‍റായി സ്ഥാനമേറ്റത്. പ്രസിഡൻ്റ് കസേരയിൽ എത്തുന്നതിന് മുമ്പുള്ള ഒറ്റ രാത്രി കൊണ്ട് അറുപതിനായിരം കോടി രൂപയാണ് ട്രംപ് തന്റെ അക്കൗണ്ടുകളിലേക്ക് എത്തിച്ചത്. ട്രംപ് കോയിനിലൂടെയാണ് ആസ്തി വർധന നേടിയത്.
വെള്ളിയാഴ്ചയാണ് ട്രംപ് $TRUMP എന്ന പേരില്‍ മീം കോയിൻ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപും $MELANIA എന്ന പേരിൽ മീം നാണയം പുറത്തിറക്കിയിരുന്നു. തിങ്കളാഴ്ച ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്‍റെ വിപണി മൂല്യം 10 ബില്യണ‍്‍ ഡോളറിലധികമായാണ് വര്‍ധിച്ചത്. ഞായറാഴ്ച 10 ഡോളറിന് താഴെയായിരുന്ന കോയിന്‍റെ മൂല്യം 36 ഡോളറിലേക്കാണ് തിങ്കളാഴ്ച കുതിച്ചത്. ജനുവരി 19ന് 718 കോടി രൂപയോളം വിപണി മൂല്യമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് 1,000 ശതമാനത്തിലധികമാണ് മൂല്യം കുതിച്ചു കയറിയത്.
ഡൊണാൾഡ് ട്രംപിന് മാത്രമല്ല കുടുംബംഗങ്ങൾക്കും മറ്റ് കമ്പനികൾക്കും 2400 കോടി ഡോളറിൻ്റെ അപ്രതീക്ഷിത ലാഭം ഈ ഡിജിറ്റൽ കോയിനിലൂടെയുണ്ടായിട്ടുണ്ട്. ട്രംപിൻ്റെ അനുബന്ധ ബിസിനസുകളുമുണ്ടാക്കി മികച്ച നേട്ടം. നിലവിൽ ഏകദേശം 700 കോടി ഡോളറോളം നേട്ടം മറ്റു കമ്പനികളുമുണ്ടാക്കി. നിലവിലെ ട്രെൻഡുകൾ തുടർന്നാൽ 2028 ആകുമ്പോഴേക്കും ടോക്കണിന്റെ മൂല്യം ഏകദേശം 2400 കോടി ഡോളറാകും.
ട്രംപും അദ്ദേഹത്തിൻ്റെ മക്കളായ എറിക്കും ഡൊണാൾഡ് ജൂനിയറും ചേർന്നാണ് 2024 സെപ്റ്റംബറിൽ ഡിജിറ്റൽ അസറ്റ് പ്ലാറ്റ്‌ഫോമായ ലിബർട്ടി ഫിനാൻഷ്യൽ രൂപീകരിച്ചത്. ഇതിൻ്റെ ഭാഗമായാണ് ട്രംപ് കോയിൻ വികസിപ്പിച്ചത്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പുതിയ ഡിജിറ്റൽ കറൻസിയുടെ വിശദാംശങ്ങൾ നീക്കം ചെയ്‌തു.