30 Jan 2025 11:45 AM GMT
Summary
- മുപ്പതിനായിരം കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കഴിയും വിധം തടവറ വിപുലീകരിക്കുന്നു
- നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്
- ഭീകരരെയാണ് സാധാരണ ഗ്വാണ്ടനാമോ അതിസുരക്ഷാ ജയിലില്‍ പാര്‍പ്പിക്കുക
അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് ഡൊണാള്‍ഡ് ട്രംപ്. മുപ്പതിനായിരം കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കഴിയും വിധം തടവറ വിപുലീകരിക്കാനാണ് ഉത്തരവ്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നല്കുന്ന കണക്ക് അനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിയിലാകുന്നവരെ ആദ്യ ദിവസങ്ങളില്‍ സൈനിക വിമാനത്തില്‍ നാടുകടത്തുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇനി ഗ്വാണ്ടനാമോ ജയലിലേക്ക് ഇവരെ അയക്കുക. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയില്‍. ഭീകരരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.
അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ലോസ് ആഞ്ചല്‍സ് എന്നിവടങ്ങളില്‍ കുടിയേറ്റക്കാര്‍ക്കായി റെയ്ഡുകള്‍ നടന്നിട്ടുണ്ട്.
പിടിയിലാകുന്നവരില്‍ ചിലര്‍ വളരെ മോശം ആളുകളാണ്. അവരുടെ സ്വന്തം രാജ്യങ്ങള്‍പോലും അവരെ സ്വീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ക്യൂബ പ്രതികരിച്ചു.
അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ട്രംപ് ഭരണകൂടം അമേരിക്കന്‍ ജനതയ്ക്ക് നല്കിയ ഏറ്റവും വലിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു.