image

30 Nov 2023 6:16 AM GMT

News

യുഎസ് ആരോപണത്തിനു പിന്നാലെ ഇന്ത്യയുടെ സഹകരണംതേടി ട്രൂഡോ

MyFin Desk

Following the US allegations Trudeau seeks Indias cooperation
X

Summary

  • സിഖ് വംശജനെതിരായ വധശ്രമക്കേസിലാണ് യുഎസ് ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ചത്
  • നിജ്ജാര്‍ വിഷയത്തില്‍ സഹകരിക്കണമെന്നാണ് കാനഡ വീണ്ടും ആവശ്യപ്പെടുന്നത്
  • തെളിവുകള്‍ പങ്കിടണമെന്ന് ഇന്ത്യ


ഖാലിസ്ഥാന്‍ വിഘടനവാദിയായ ഗുര്‍പത്‌വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം പരാജയപ്പെടുത്തിയതായി യുഎസ് വെളിപ്പെടുത്തിയതിന് പിന്നാലെ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ സഹകരിക്കാന്‍ കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടു. പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടൊപ്പം പ്രവര്‍ത്തിച്ചുവെന്നാരോപിച്ച 52 കാരനായ ഒരാള്‍ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റം ചുമത്തി. നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് നടപടി.

'യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കാനഡ ആദ്യം മുതല്‍ സംസാരിച്ചിരുന്നതിനെ അടിവരയിടുന്നതാണ്. ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഞങ്ങളോളൊപ്പം പ്രവര്‍ത്തിക്കേണ്ടതുണ്ട്' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒട്ടാവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും അന്വേഷണത്തില്‍ കൂടുതല്‍ സഹകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 'ഇന്ത്യയുടെ ഭാഗത്തുനിന്ന് കൂടുതല്‍ സഹകരണവും ഇടപഴകലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ജോളി പറഞ്ഞു.

അതേസമയം, ഈ മാസം ആദ്യം യുകെയില്‍ നടത്തിയ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കാനഡ ഇതുവരെ തങ്ങളുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും പങ്കിട്ടിട്ടില്ലെന്ന് പറഞ്ഞു. ''അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കാരണമുണ്ടെങ്കില്‍, ദയവായി തെളിവുകള്‍ പങ്കിടുക, കാരണം ഞങ്ങള്‍ അന്വേഷണത്തെ തള്ളിക്കളയുന്നില്ല,'' ജയശങ്കര്‍ പറഞ്ഞു.

നിഖില്‍ ഗുപ്ത എന്ന വ്യക്തിക്കെതിരെയാണ് വധശ്രമക്കേസില്‍ യുഎസ് കുറ്റം ചുമത്തിയിട്ടുള്ളത്. അദ്ദേഹം ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ഒരു വാടക കൊലയാളിയെ കണ്ടെത്താൻ ശ്രമിച്ചു എന്നാണ് അമേരിക്കൻ ആരോപണം. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് അമേരിക്ക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളു.

'സിഖുകാര്‍ക്ക് പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിനായി പരസ്യമായി വാദിച്ച ഇന്ത്യന്‍ വംശജനായ യുഎസ് പൗരനെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതി ഇന്ത്യയില്‍ നിന്ന് ഗൂഢാലോചന നടത്തി' എന്നതാണ് കുറ്റം എന്ന് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്ന സമയത്താണ് യുഎസില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ആരോപണങ്ങള്‍.