3 Dec 2024 12:02 PM GMT
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ കാലയളവ് കഴിഞ്ഞു. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കും. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പലുകളാണ് തുറമുഖത്തെത്തിയത്. ഒന്നരലക്ഷത്തോളം കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്‌തു. ജിഎസ്‌ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന് കിട്ടും. ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിന്റെ കമീഷനിങ്. ഇത് കഴിയുന്നതോടെ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്ത് വരുകയും ഇതിലൂടെ ലഭിക്കുന്ന നികുതിയും വർധിക്കും.
കമീഷനിങ് നടക്കുന്ന ദിവസം ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്റ് എൻജിനിയർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖമായി പ്രഖ്യാപിക്കും. തുറമുഖം ജേഡ് സർവീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി ആരംഭിച്ചിട്ടുണ്ട്. ജേഡ് സർവീസ് വിഭാഗത്തിൽ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം.
പുതിയ കരാർപ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും 2028- ഡിസംബറിനകം പൂർത്തീകരിക്കുമെന്ന് അദാനി പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. ഇത് കൂടി ചേരുമ്പോൾ തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാകും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷംവരെ ഉയരും. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ അതോടെ വിഴിഞ്ഞം മാറും.