image

3 Feb 2024 5:20 AM GMT

News

ബെംഗളൂരു ഇന്ത്യയിലെ തിരക്കേറിയ നഗരം; യാത്രികര്‍ 132 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍

MyFin Desk

Bengaluru is a busy city, commuters are stuck in traffic jams for 132 hours
X

Summary

  • തിരക്കേറിയ നഗരങ്ങളുടെ ആഗോള റാങ്കിംഗില്‍ ബെംഗളൂരു ആറാമത്
  • വെള്ളിയാഴ്ച വൈകുന്നേരങ്ങളിലാണ് തിരക്ക് ഏറ്റവും കൂടുതല്‍
  • കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശംയാത്രാദിനം സെപ്റ്റംബര്‍ 27


കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരം ടെക്, സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡച്ച് ലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോംടോം പുറത്തിറക്കിയ ട്രാഫിക് സൂചികയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ ആഗോള റാങ്കിംഗില്‍ ബെംഗളൂരു ആറാം സ്ഥാനത്താണ്.

ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശരാശരി സമയം കഴിഞ്ഞ വര്‍ഷം 28 മിനിറ്റും 10 സെക്കന്‍ഡും ആയിരുന്നു. 2022 ലെ 29 മിനിറ്റില്‍ നിന്ന് നേരിയ പുരോഗതി നഗരം കൈവരിച്ചു. തിരക്കുള്ള സമയങ്ങളിലെ ശരാശരി വേഗത മണിക്കൂറില്‍ 18 കിലോമീറ്ററാണെന്ന് വിലയിരുത്തപ്പെടുന്നു. അതിന്റെ ഫലമായി ബെംഗളൂരുകാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. വര്‍ഷത്തില്‍ 132 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കിടക്കേണ്ട അവസ്ഥയാണെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്താണ്. തിരക്കുള്ള സമയങ്ങളില്‍ മണിക്കൂറില്‍ ശരാശരി 14 കിലോമീറ്റര്‍ ആണ് വേഗത. തൊട്ടുപിന്നില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ (16 കിലോമീറ്റര്‍), കാനഡയിലെ ടൊറന്റോ (18 കിലോമീറ്റര്‍), ഇറ്റലിയിലെ മിലാന്‍ ( 17 കി.മീ), പെറുവിലെ ലിമ (17 കി.മീ.) എന്നീനഗരങ്ങളുണ്ട്.

ഇന്ത്യയിലെ മറ്റ് തിരക്കേറിയ നഗരങ്ങള്‍, റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തുള്ളതും ഇന്ത്യന്‍ നഗരമാണ്. പൂനെ. ഇവിടെ ശരാശരി 19 കി.മീ. വേഗതയാണുള്ളത്. 44-ാം സ്ഥാനത്താണ് തലസ്ഥാനമായ ഡെല്‍ഹി, മുംബൈ 54-ാം സ്ഥാനത്തും.

കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ഏറ്റവും മോശം യാത്രാ ദിനം സെപ്റ്റംബര്‍ 27 (ബുധന്‍) ആയിരുന്നു. അന്ന് 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 32 മിനിറ്റും 50 സെക്കന്‍ഡും എടുത്തു.

ഡാറ്റ അനുസരിച്ച്, ബെംഗളൂരു നിവാസികള്‍ 257 മണിക്കൂറാണ് ഡ്രൈവിംഗിനായി ചെലവഴിച്ചത്. ഇതില്‍ ട്രാഫിക്കല്‍ പെട്ടത് 132 മണിക്കൂര്‍. വെള്ളിയാഴ്ചകളില്‍, വൈകുന്നേരം 6 മുതല്‍ 7 വരെ, ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ ഓടിക്കാന്‍ ശരാശരി 36 മിനിറ്റും 20 സെക്കന്‍ഡും എടുക്കാറുണ്ട്.

യാത്രാ ശീലങ്ങള്‍ ക്രമീകരിച്ചുകൊണ്ട് ബെംഗളൂരു നിവാസികള്‍ക്ക് സാധ്യമായ നേട്ടങ്ങളും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. യാത്രാസമയത്തില്‍ ഗണ്യമായ കുറവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ മലിനീകരണ നിയന്ത്രണം കൈവരിക്കാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബെംഗളൂരുവിലെ 10 കിലോമീറ്റര്‍ യാത്രയ്ക്കായി അവരുടെ യാത്രാ ശീലങ്ങള്‍ ക്രമീകരിക്കുന്നത് പ്രതിവര്‍ഷം 51 മണിക്കൂര്‍ യാത്രാ സമയവും 194 കിലോഗ്രാം കാര്‍ബണ്‍ പുറംതള്ളലും ലാഭിക്കാന്‍ ഇടയാക്കും.

ആറ് ഭൂഖണ്ഡങ്ങളിലായി 55 രാജ്യങ്ങളിലെ 387 നഗരങ്ങളെ ഉള്‍ക്കൊള്ളുന്ന ടോംടോം ട്രാഫിക് സൂചിക നഗരങ്ങളെ അവയുടെ ശരാശരി യാത്രാ സമയം, ഇന്ധനച്ചെലവ്, കാര്‍ബണ്‍ പുറംതള്ളല്‍ എന്നിവയെ വിലയിരുത്തുന്നു.

ലോക ജനസംഖ്യയുടെ പകുതിയിലേറെയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നതിനാല്‍, ഗതാഗതക്കുരുക്കും അതിന്റെ സാമ്പത്തിക, പാരിസ്ഥിതിക, ആരോഗ്യ പ്രത്യാഘാതങ്ങളും അടിയന്തിരമായി പരിഹരിക്കേണ്ട ഒരു പ്രശ്‌നമായി മാറിയിരിക്കുതായി ടോംടോമിലെ ട്രാഫിക് വൈസ് പ്രസിഡന്റ് റാല്‍ഫ്-പീറ്റര്‍ ഷാഫര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.