6 Jan 2024 3:21 PM IST
Summary
- പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ജെല്ലിക്കെട്ട് നടത്തുന്നത്
- ശ്രീലങ്കയില്‍ ട്രിങ്കോമാലിയിലാണ് ഈ കായിക വിനോദം അരങ്ങേറുന്നത്
- മധുരയിലെ കായിക വിനോദം 15ന് ആരംഭിക്കും
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ നടക്കുന്ന കായിക വിനോദമായ ജെല്ലിക്കെട്ട് ഇനി ശ്രീലങ്കയിലും. കാളകളെ മെരുക്കുന്നതാണ് ഈ വിനോദം.
ജനുവരി 6 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ശ്രീലങ്കയില്‍ ജെല്ലിക്കെട്ടിന് ആതിഥേയത്വം വഹിക്കുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു കായികവിനോദം ശ്രീലങ്കയില്‍ സംഘടിപ്പിക്കുന്നത്. ട്രിങ്കോമാലിയിലെ ആഘോഷങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ട്രിങ്കോമാലിയിലെ സാംപൂര്‍ ഏരിയയിലെ ഗ്രൗണ്ടില്‍ രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സെന്തില്‍ തോണ്ടമാനാണ് പരിപാടിയുടെ സംഘാടക ചുമതല. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് ഈ കായിക വിനോദം ആരംഭിച്ചതെന്ന് കരുതുന്നു.
ലോകമെമ്പാടുമുള്ള തമിഴ് സമൂഹം ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍ എന്ന് സെന്തില്‍ തൊണ്ടമാന്‍ പറഞ്ഞു. പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി ജല്ലിക്കെട്ട്, മാട്ടുപൊങ്കല്‍ എന്നിവ ആഘോഷിക്കുന്നു. 1500 ഭരതനാട്യം നര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കെടുക്കും.
'ഞങ്ങള്‍ ജെല്ലിക്കെട്ട്, സിലംബം പോരാട്ടങ്ങള്‍, ബോട്ട് റേസ്, ബീച്ച് കബഡി എന്നിവ നടത്തും. പൊങ്കലിനോട് അനുബന്ധിച്ച് ധാരാളം പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്. തമിഴ് സമൂഹത്തോടൊപ്പം സാംസ്‌കാരിക പരിപാടികള്‍ പുനഃസ്ഥാപിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. 200 കാളകളും 100 കാളകളെ മെരുക്കുന്നവരും പങ്കെടുക്കുമെന്ന് കരുതുന്നു,''തൊണ്ടമാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തമിഴ്‌നാട്ടിലെ ആദ്യ ജെല്ലിക്കെട്ട് ജനുവരി 5 ന് പുതുക്കോട്ട ജില്ലയിലെ തച്ചന്‍കുറിച്ചി ഗ്രാമത്തില്‍ ആരംഭിച്ചു, അതില്‍ 500 കാളകള്‍ പങ്കെടുത്തു.
മധുരയിലെ ജെല്ലിക്കെട്ട് ജനുവരി 15 മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടക്കുക. ആദ്യ ദിവസം ആവണിയാപുരത്തും രണ്ടാം ദിവസം പാലമേട്ടും മൂന്നാം ദിവസം അലങ്കാനല്ലൂരിലും ജല്ലിക്കെട്ട് നടക്കും.
ഈ പരിപാടിയില്‍ ഒരു കാളയെ ജനക്കൂട്ടത്തിലേക്ക് വിടുന്നത് ഉള്‍പ്പെടുന്നു. പങ്കെടുക്കുന്നവര്‍ കാളയെ തടയാനുള്ള ശ്രമത്തില്‍ കാളയുടെ കൊമ്പില്‍ പിടിക്കാന്‍ ശ്രമിക്കുന്നു. പങ്കെടുക്കുന്നവര്‍ക്കും കാളയ്ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ കായിക വിനോദം നിരോധിക്കണമെന്ന് മൃഗാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.