image

29 Nov 2022 6:12 AM GMT

Banking

പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണം: ട്രേഡ് യൂണിയനുകള്‍

MyFin Desk

പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണം: ട്രേഡ് യൂണിയനുകള്‍
X

Summary

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ഓണ്‍ലൈനായി നടന്ന കൂടിക്കാഴ്ച്ച ബഹിഷ്‌കരിച്ച് ധനമന്ത്രിയെ ഇ-മെയിലിലൂടെ ആവശ്യങ്ങള്‍ അറിയിച്ചത്.


ഡെല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വിശ്വാസ്യമായ സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമനുമായി ബജറ്റിന് മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ഓണ്‍ലൈനായി നടന്ന കൂടിക്കാഴ്ച്ച ബഹിഷ്‌കരിച്ച് ധനമന്ത്രിയെ ഇ-മെയിലിലൂടെ ആവശ്യങ്ങള്‍ അറിയിച്ചത്.

ഇപിഎസ്-95 (എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം-1995) ലെ കുറഞ്ഞ പെന്‍ഷന്‍ പരിധി ഉയര്‍ത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) കുറഞ്ഞ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്നും 5,000 രൂപയിലേക്ക് ഉയര്‍ത്തണമെന്നും അത് വേരിയബിള്‍ ഡിഎയുമായി ബന്ധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. കൂടാതെ, പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പോലുള്ള സേവനങ്ങള്‍ കൂടി നല്‍കണം.

അസംഘടിത മേഖലയിലുള്ള അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ഉച്ച ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 'കുറഞ്ഞ വേതനം നല്‍കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് 20 വര്‍ഷത്തേക്ക് സംഭാവന നല്‍കുന്ന പിഎം ശ്രം യോഗി മന്ധന്‍ യോജന പോലുള്ള പദ്ധതികള്‍ ഒഴിവാക്കണമെന്നും, എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) സൗകര്യം ലഭ്യമാക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

ട്രേഡ് യൂണിയന്‍ കോര്‍പറേഷന്‍ സെന്റര്‍ (ടിയുസിസി)യും പഴയ പെന്‍ഷന്‍ പദ്ധതിയും, എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ നല്‍കുന്നതിന് ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) പ്രകാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുന്നതിനും സര്‍ക്കാര്‍ ബജറ്റില്‍ മതിയായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 2004 ലാണ് പഴയ പെന്‍ഷന്‍ പദ്ധതിക്ക് പകരം നാഷണല്‍ പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ചത്. പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവ എന്‍പിഎസിനു പകരം പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.