15 Aug 2023 5:08 AM GMT
Summary
- സംസ്ഥാനത്തെ നെല്ലുല്‍പ്പാദനം 2.7 കോടി മെട്രിക് ടണ്ണായി ഉയര്‍ന്നു
- ജലസേചന പദ്ധതികള്‍, നിക്ഷേപ സഹായം, വൈദ്യുതി എന്നിവ കൃഷിയെ വളര്‍ത്തി
- 2014 മുതല്‍ ജലസേചന പദ്ധതികള്‍ക്കായി ഒന്നരലക്ഷം കോടി ചെലവഴിച്ചു
തെലങ്കാനയിലെ മൊത്തം നെൽകൃഷി വിസ്തൃതി 1.31 കോടിയില്‍ നിന്ന് 2.20 കോടി ഏക്കറായി വര്‍ധിച്ചു. അതിനാനുപാതികമായി കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ നെല്ലുല്‍പ്പാദനം 68 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2.7 കോടി മെട്രിക് ടണ്ണായി ഉയര്‍ന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
കൃഷിക്ക് സൗജന്യ വൈദ്യുതി, 'ഋതു ബന്ധു' നിക്ഷേപ സഹായ പദ്ധതി, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ജലസേചന പദ്ധതികളുടെ നിര്‍മ്മാണം തുടങ്ങിയ കര്‍ഷക അനുകൂല സംരംഭങ്ങള്‍ നടപ്പിലാക്കിയതോടെ കാര്‍ഷിക മേഖല അതിവേഗം പുരോഗതി കൈവരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഗോദാവരി, കൃഷ്ണ നദികളിലെ വെള്ളം പൂര്‍ണമായി വിനിയോഗിക്കുന്നതിനായി അപൂര്‍ണമായി കിടന്നിരുന്ന ശ്രീരാം സാഗര്‍ പദ്ധതിയുടെ കനാല്‍ പദ്ധതികള്‍ , കാലേശ്വരം, പാലമുരു-രംഗ റെഡ്ഡി ജലസേചന പദ്ധതികള്‍ തുടങ്ങിയവ സര്‍ക്കാര്‍ ഏറ്റെടുത്തു.
2014 മുതല്‍ ഇതുവരെ 1.59 ലക്ഷം കോടി രൂപയാണ് ജലസേചന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.
കാകതീയ കാലഘട്ടത്തിലെ കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ മിഷന്‍ കാകതീയ പദ്ധതിക്ക് കീഴില്‍ ആവിഷ്‌ക്കരിച്ച കാലേശ്വരം പദ്ധതിക്കായി5,249 കോടി രൂപ ചെലവഴിച്ചു. കാലേശ്വരം പദ്ധതി റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതായും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്ത് 2014-15ല്‍ 68 ലക്ഷം ടണ്‍ നെല്ലുല്‍പ്പാദനം മാത്രമായിരുന്നെങ്കില്‍ 2022-23 ആയപ്പോഴേക്കും ഏകദേശം 2.70 കോടി ടണ്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തി. പരുത്തിവിളവിലും ഈ കാലയളവില്‍ ഇരട്ടിയിലധികം ഉല്‍പ്പാദനം ഉണ്ടായി.
കൂടാതെ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ 24 മണിക്കൂറും സൗജന്യ വൈദ്യുതി നല്‍കുന്നു. പണമിടപാടുകാരുടെ പിടിയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ 'ഋതു ബന്ധു' നിക്ഷേപ സഹായ പദ്ധതി നടപ്പാക്കുന്നു. 'ഋതു ബന്ധു' പദ്ധതിയിലൂടെ ഏക്കറിന് 10,000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. കഴിഞ്ഞ 10 ഘട്ടങ്ങളിലായി 65,190 കോടി രൂപ കര്‍ഷകര്‍ക്കായി നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.