19 April 2023 1:31 PM
Summary
- പട്ടികയില്‍ പ്രാമുഖ്യം നേടി ധനകാര്യ കമ്പനികള്‍
- പട്ടികയില്‍ ആദ്യമായി ഇടം നേടി ഗെയിമിംഗ് കമ്പനികള്‍
ലിങ്ക്ഡ്ഇൻ 2023 റിപ്പോർട്ട് പ്രകാരം ഈ വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച ജോലിസ്ഥലമായി ടാറ്റ കൺസൾട്ടൻസി സർവീസസ് തെരഞ്ഞെടുക്കപ്പെട്ടു. ആമസോണും മോർഗൻ സ്റ്റാൻലിയും തൊട്ടുപിന്നിലുള്ള സ്ഥാനങ്ങള്‍ നേടി. ഇന്ത്യയിലെ മികച്ച 25 ജോലിസ്ഥലങ്ങളുടെ പട്ടികയാണ് പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പുറത്തുവിട്ടിട്ടുള്ളത്.
മുന്നോട്ട് പോകാനുള്ള കഴിവ്, നൈപുണ്യ വളർച്ച, കമ്പനി സ്ഥിരത, ബാഹ്യ അവസരങ്ങൾ, കമ്പനിയിലെ പാരസ്പര്യം, ലിംഗ വൈവിധ്യം, വിദ്യാഭ്യാസ പശ്ചാത്തലം, രാജ്യത്തിനകത്തെ ജീവനക്കാരുടെ സാന്നിധ്യം എന്നിങ്ങനെ കരിയർ പുരോഗതിയെ നയിക്കുന്ന എട്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലിങ്ക്ഡ്ഇന്‍ കമ്പനികളെ റാങ്ക് ചെയ്തിട്ടുള്ളത്. പട്ടികയില്‍ കഴിഞ്ഞ വര്‍ഷം പ്രാമുഖ്യം നേടിയത് ടെക് കമ്പനികളാണെങ്കില്‍ ഇത്തവണ അത് ധനകാര്യ സേവന കമ്പനികളാണ്.
25ല്‍ 10 കമ്പനികളും ധനകാര്യം, ഫിന്‍ടെക്, ബാങ്കിംഗ് എന്നിവയില്‍ നിന്നാണ്. മക്വാരി ഗ്രൂപ്പ് (5), എച്ച്‌ഡിഎഫ്‌സി ബാങ്ക് (11) മാസ്റ്റർകാർഡ് (12), യുബി (14) എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ഡ്രീം11, ഗെയിമിംഗ് 24x7 എന്നിവയിലൂടെ -ഇ-സ്‌പോർട്‌സ്, ഗെയിമിംഗ് കമ്പനികൾ ആദ്യമായി പട്ടികയിൽ ഇടം നേടി. ലിങ്ക്ഡ്ഇന്നിന്റെ ഈ വർഷത്തെ മികച്ച സ്റ്റാർട്ടപ്പ് ലിസ്റ്റിൽ ഉണ്ടായിരുന്ന സെപ്റ്റോ, ഈ ലിസ്റ്റിലെ 16-ാം സ്ഥാനക്കാരാണ്. ഇത്തവണത്തെ പട്ടികയിലെ 17 കമ്പനികള്‍ ആദ്യമായാണ് പട്ടികയില്‍ എത്തുന്നത്.
മുൻനിര കമ്പനികൾ പ്രതിഭകളെ തെരഞ്ഞെടുക്കുന്നതില്‍ ഏറ്റവും പ്രാമുഖ്യം നല്‍കുന്ന ലൊക്കേഷന്‍ ബെംഗളൂരു ആണ്. പിന്നീടുള്ള സ്ഥാനങ്ങളില്‍ മുംബൈ, ഹൈദരാബാദ്, ഡൽഹി, പൂനെ എന്നിവയുണ്ട്.