7 Nov 2023 10:18 AM
Summary
ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും വൈക്കോല്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ കോടതി നിര്‍ദ്ദേശിച്ചു
ഡല്‍ഹി എന്‍സിആറില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഇന്ന് (നവംബര്‍ 7) ഉത്തരവിട്ടു.
' വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് എങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല,പക്ഷേ അത് നിര്‍ത്തണം. അത് നിങ്ങളുടെ ജോലിയാണ്. ഉടനെ എന്തെങ്കിലും ചെയ്യണം ' സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാരിനോട് പറഞ്ഞു.
പഞ്ചാബിനോടൊപ്പം ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും വൈക്കോല്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.
കോടതി ഉത്തരവ് നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ബന്ധപ്പെട്ട ചീഫ് സെക്രട്ടറിമാരെയും ഡയറക്ടര്‍ ജനറലിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ഡല്‍ഹിയിലെ വായു മലിനീകരണത്തെ ഒരു രാഷ്ട്രീയ പോരാട്ടമായി കാണാന്‍ കഴിയില്ലെന്നും, ശ്വാസം മുട്ടിക്കുന്ന വായുവിന്റെ ഗുണനിലവാരം ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുമെന്നും സുപ്രീം കോടതി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതാണ് എല്ലാ ശൈത്യകാലത്തും ഡല്‍ഹിയിലെ വായു മലിനീകരണം വന്‍തോതില്‍ ഉയരുന്നതിന് പിന്നിലെ പ്രധാന ഘടകമെന്ന് കോടതി പറഞ്ഞു.
വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണമായ വാഹനങ്ങളില്‍നിന്നും പുറന്തള്ളുന്ന പുക പരിശോധിക്കണമെന്നും കോടി നിര്‍ദേശിച്ചു.