14 March 2024 9:12 AM
Summary
- 500 മില്യന്‍ മുതല്‍ 1 ബില്യന്‍ ഡോളര്‍ വരെ കപ്പലിന് ചെലവ്
- 2,435 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതായിരിക്കും പുതിയ കപ്പല്‍
- 2012-ലാണ് ടൈറ്റാനിക് പുനസൃഷ്ടിക്കുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത്
ടൈറ്റാനിക് കപ്പല്‍ പുനസൃഷ്ടിച്ച് 2027-ല്‍ ആദ്യ യാത്ര നടത്താന്‍ തയാറെടുക്കുകയാണ് ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍ ക്ലൈവ് പാമര്‍.
ഇക്കാര്യം 2024 മാര്‍ച്ച് 13 ന് സിഡ്‌നി ഓപ്പറ ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രഖ്യാപിക്കുകയും ചെയ്തു പാമര്‍.
2012-ലാണ് പാമര്‍ ടൈറ്റാനിക് പുനസൃഷ്ടിക്കുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ 2015-ല്‍ പദ്ധതിയില്‍നിന്നും പിന്മാറി. പിന്നീട് വീണ്ടും 2018-ല്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചു. 2022-ല്‍ കപ്പല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ, കോവിഡ് 19 വില്ലനായതോടെ പദ്ധതി രണ്ടാമതും തടസപ്പെട്ടു. ഇപ്പോള്‍ വീണ്ടും പദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണ് 69-കാരനായ പാമര്‍.
സിഡ്‌നി ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങില്‍ പാമര്‍ പറഞ്ഞത് ബ്ലൂ സ്റ്റാര്‍ ലൈന്‍ എന്ന തന്റെ കമ്പനി ടൈറ്റാനിക് കപ്പലിന്റെ മാതൃകയില്‍ ഒരു കപ്പല്‍ പുതുതായി നിര്‍മിക്കുമെന്നും 2027-ല്‍ ആദ്യ യാത്ര തുടങ്ങുമെന്നുമാണ്.
500 മില്യന്‍ മുതല്‍ 1 ബില്യന്‍ ഡോളര്‍ വരെ കപ്പലിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയിലാണു നിര്‍മിക്കുന്നതെങ്കിലും പുതിയ കപ്പലിന് വലുപ്പം കൂടുതലായിരിക്കുമെന്നാണു പാമര്‍ അറിയിച്ചിരിക്കുന്നത്.
2,435 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതായിരിക്കും പുതിയ കപ്പല്‍. 835 ക്യാബിനുകളും 9 ഡെക്കുകളുമുണ്ടായിരിക്കും.
ഇപ്പോള്‍ തന്നെ യാത്ര ചെയ്യാന്‍ താല്‍പര്യം അറിയിച്ച് തന്നെ നിരവധി പേര്‍ സമീപിച്ചിട്ടുണ്ടെന്നു പാമര്‍ പറഞ്ഞു.
2013-ല്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാമറിന്റെ ആസ്തിയായി കണക്കാക്കുന്നത് 4.2 ബില്യന്‍ ഡോളറാണ്.