28 Jan 2025 8:25 AM
Summary
- ടിക്‌ടോക്കിനായി കൂടുതല്‍ മത്സരാര്‍ത്ഥികളെന്ന് ട്രംപ്
- എലോണ്‍ മസ്‌ക് മുതല്‍ പെര്‍പ്ലെക്‌സിറ്റി എഐ വരെ കരാറിനായി ശ്രമിക്കുന്നു
ആര്‍ക്ക് സ്വന്തമാകും ജനപ്രിയ വീഡിയോ പങ്കിടല്‍ ആപ്ലിക്കേഷനായ ടിക് ടോക്ക് എന്നത് യുഎസിലെ പ്രധാന ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഈ ചൈനീസ് ആപ്ലിക്കേഷന്‍ സ്വന്തമാക്കുന്നതിനായി ടെക് ലോകത്തെ വന്‍ കമ്പനികള്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അതില്‍ ഏറ്റവും മുമ്പില്‍ മൈക്രോസോഫ്റ്റ്, എലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരാണ്. ടിക് ടോക്ക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആപ്ലിക്കേഷന്‍ സ്വന്തമാക്കാനായി നിരവധി മത്സരാര്‍ത്ഥികള്‍ രംഗത്തുണ്ടെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു. ഒരു സംയുക്ത സംരംഭത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് 50 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ടെസ്ല സിഇഒ എലോണ്‍ മസ്‌ക്, മൈക്രോസോഫ്റ്റ് അല്ലെങ്കില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലാറി എലിസണ്‍ തുടങ്ങിയ ഉന്നത വ്യക്തികള്‍ ടിക്ടോക്ക് ഏറ്റെടുക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചതിന് ശേഷമാണ് ട്രംപിന്റെ അഭിപ്രായങ്ങള്‍.
''നിരവധി ആളുകള്‍ എന്നോട് സംസാരിക്കുന്നു. വളരെ പ്രാധാന്യമുള്ള ആളുകള്‍. ഞങ്ങള്‍ക്ക് അതില്‍ വളരെയധികം താല്‍പ്പര്യമുണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒരു വലിയ ഗുണഭോക്താവായിരിക്കും... യുണൈറ്റഡ് സ്റ്റേറ്റ്‌സിന് നേട്ടമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അത് ചെയ്യൂ, '' ട്രംപ് മുന്‍പുതന്നെ നയം വ്യക്തമാക്കിയിരുന്നു.
ഒരു പുതിയ ട്വിസ്റ്റില്‍, മറ്റൊരു കമ്പനികൂടി ബിഡ്ഡിംഗ് റേസിലേക്ക് പ്രവേശിച്ചു. പെര്‍പ്ലെക്‌സിറ്റി എഐ ആണ് പുതിയതായി ടിക് ടോക്കിനായി രംഗത്തുവന്നത്. ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങളുമായി ലയിക്കാനും യുഎസ് സര്‍ക്കാരുമായുള്ള സംയുക്ത സംരംഭവും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലാന്‍ പ്രകാരം ടിക്‌ടോക്കിന്റെ ചെനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് പ്ലാറ്റ്ഫോമില്‍ ഒരു ഓഹരി നിലനിര്‍ത്തും. എന്നാല്‍ രാജ്യത്തെ ടിക്‌ടോക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നിയന്ത്രിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള ഒരു ബോര്‍ഡ് ആവശ്യമാണ്.
ഈ ആശങ്കകള്‍ക്കിടയിലും, തന്റെ പ്രചാരണ വേളയില്‍ യുവ വോട്ടര്‍മാരുമായി ഇടപഴകാന്‍ സഹായിച്ചതിന് ടിക് ടോക്കിനെ നേരത്തെ ട്രംപ് പ്രശംസിച്ചിരുന്നു. യുഎസിലെ നിരോധനം താല്‍ക്കാലികമായി തടഞ്ഞ ട്രംപ് ഒരു പരിഹാരം കണ്ടെത്താന്‍ ടിക്‌ടോക്കിന് 75 ദിവസത്തെ സമയം നല്‍കി.
ഈ നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ക്കിടയില്‍, യുഎസില്‍ ടിക് ടോക്കിന്റെ ജനപ്രീതി കുതിച്ചുയരുകയാണ്. ഒരു പഠനമനുസരിച്ച്, യുഎസിലെ മുതിര്‍ന്നവരില്‍ 33 ശതമാനം പേരും ഇപ്പോള്‍ ടിക് ടോക്ക് ഉപയോഗിക്കുന്നു. ഇത് 2021-ല്‍ വെറും 21 ശതമാനമായിരുന്നു. ആപ്പ് യുവതലമുറകള്‍ക്കിടയില്‍ പ്രത്യേകിച്ചും ജനപ്രിയമാണ്, 30 വയസ്സിന് താഴെയുള്ള മുതിര്‍ന്നവരില്‍ 59 ശതമാനം പേരും ഉപയോഗിക്കുന്നു.
വര്‍ധിച്ചുവരുന്ന സ്വാധീനം ഉണ്ടായിരുന്നിട്ടും, യുഎസില്‍ ടിക് ടോക്കിന്റെ ഭാവിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം വിഭജിക്കപ്പെട്ടിരിക്കുന്നു. 2024-ലെ വേനല്‍ക്കാലത്ത് നടത്തിയ ഒരു സര്‍വേയില്‍, ടിക്ടോക്ക് നിരോധനത്തിനുള്ള പിന്തുണ 2023 മാര്‍ച്ചിലെ 50 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറഞ്ഞു.