6 Jan 2025 9:59 AM GMT
കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു. തുറമുഖം ആരംഭിച്ചതിന് ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തിച്ചേരുന്നത് ആദ്യമായാണ്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ കപ്പലുകളാണ് തുറമുഖത്തെത്തിയത്. ആന്ധ്രപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് കപ്പലുകൾ എത്തിയത്. ശനിയാഴ്ച പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ബെര്‍ത്തിൽ അടുപ്പിച്ചത്. നിലവിൽ പൂർത്തിയായ 800 മീറ്റർ നീളമുള്ള ബെർത്തിൽ 700 മീറ്ററോളം സ്ഥലമാണ് മൂന്നു കപ്പലുകൾക്കുമായി ബെർത്തിംഗിന് ആവശ്യമായി വന്നത്.
കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നർ കൈമാറ്റത്തിനായി ഏഴ് ഷിപ്പ് ടു ഷോർ ട്രെയിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചു. മൂന്ന് കപ്പലിൽ നിന്നായി ഒരേ സമയം കണ്ടെയ്നർ ട്രാൻസ്പോർട്ടേഷൻ നടത്തി, യഥാക്രമം കണ്ടെയ്നറുകൾ ക്രമീകരിക്കാൻ കഴിഞ്ഞത് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യക്ഷമതയുടെയും വളർച്ചയുടെയും തെളിവാണ്.
തുറമുഖ നിർമ്മാണത്തിന്റെ അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ കപ്പലുകൾ ഒരേസമയത്ത് ചരക്ക് കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് വിഴിഞ്ഞം ലോകത്തിനു മുമ്പിൽ തുറന്നു വയ്ക്കുന്നത്. കഴിഞ്ഞ ഡിസംബർ മൂന്ന് മുതൽ കോമേഴ്സ്യൽ തുറമുഖമായി പ്രവർത്തനം തുടരുന്ന തുറമുഖത്ത് 110 ഓളം കപ്പലുകൾ ഇതിനകം വന്നു കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും എംഎസ്‌സിയുടെ കപ്പലുകളായിരുന്നു.