13 March 2025 3:36 PM IST
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. 95 ശതമാനം പേർ ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 5 ശതമാനം ജനങ്ങൾ 31 നകം മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.
റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്തും. ഇവര്‍ക്ക് തല്‍ക്കാലം റേഷന്‍ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.