12 Oct 2023 5:59 AM
Summary
- ജനുവരിയിൽ ഡി എം ആർ സി പദ്ധതി രേഖ കേരള സർക്കാരിന് സമർപ്പിക്കും
- കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാകും
കൊച്ചി മെട്രോ മാതൃകയിൽ തിരുവനന്തപുരത്തും മെട്രോ റെയിൽ വന്നേക്കും.
ഇതിന്റെ പദ്ധതി രേഖ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ കെഎം ആർ എൽ ചുമതലപ്പെടുത്തി. ജനുവരി പകുതിയോടെ തിരുവന്തപുരം മെട്രോയുടെ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ നിർമാണ കമ്പനിയായ ഡി എം ആർ സി കേരള സർക്കാരിന് സമർപ്പിക്കും. തുടർന്ന് കേന്ദ്ര സർക്കാരിന്റെ കൂടെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പിലാകും.
രണ്ടു ഇടനാഴികൾ ഉൾപ്പെടുന്ന അലൈൻറ്മെൻറ് ആവും മെട്രോയ്ക്ക് വരിക. കൊച്ചി മെട്രോയുടെ മാതൃകയിൽ ഇടത്തരം വേഗത്തില്‍ ഓടുന്ന ട്രെയിനുകളാണ് തിരുവനന്തപുരത്ത് അനുയോജ്യമെന്ന് കെഎം ആർ എൽ നിയമിച്ച അർബൻ മാസ് ട്രാൻസിറ്റ് കമ്പനി റിപ്പോർട്ട് നൽകിയിരുന്നു. ആദ്യ ഇടനാഴി പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന നേമം വഴി പള്ളിച്ചൽ വരെ 27 .4 കിലോമീറ്ററായിരിക്കും.കഴക്കൂട്ടത്തുനിന്നു ഈഞ്ചക്കൽ വഴി കിള്ളിപ്പാലം വരെയാണ് രണ്ടാം ഇടനാഴി . ഇത് 14 .7 കിലോമീറ്റർ വരും.
കരമന മുതൽ പള്ളിപ്പുറം ടെക്നോ പാർക്ക് വരെയുള്ള മെട്രോ റെയിൽ ടെക്നോ പാർക്ക് , എയർ പോർട്ട് വഴിയായാൽ പദ്ധതി ലാഭകരമാകുമെന്നാണ് വിലയിരുത്തൽ. പ്രതിദിനം ഒന്നര ലക്ഷം പേർ കഴക്കൂട്ടത്ത് വന്നു പോകുന്നുണ്ടെന്നാണ് കണക്കുകൾ . ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തേക്ക് കൂടി നീട്ടാവുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പള്ളിപ്പുറം മുതൽ കരമന വരെയുള്ള 21 .5 കിലോമീറ്ററിന് 4673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.