5 Feb 2024 6:05 AM
Summary
- ആര്‍ബിഐയുമായി ബന്ധപ്പെടുന്നുണ്ടെന്നും മറ്റ് ബാങ്കുകളുമായി സഹകരണം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിജയ് ശേഖര്‍ അറിയിച്ചു
- കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇഡി പേടിഎം സ്ഥാപകനോ സിഇഒയ്‌ക്കോ എതിരായി യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നു കമ്പനി
- 2024 ജനുവരി 31-നാണ് ആര്‍ബിഐ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ക്കു വിധേയമായതിന്റെ പേരില്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നു സ്ഥാപകന്‍ വിജയ് ശേഖര്‍.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലെ (പിപിബിഎല്‍) ജീവനക്കാരുമായി ഫെബ്രുവരി 3 ശനിയാഴ്ച നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് ഇക്കാര്യം വിജയ് ശേഖര്‍ പറഞ്ഞത്.
വിജയ് ശേഖര്‍ക്കു പുറമെ പേടിഎം പ്രസിഡന്റും സിഒഒയുമായ ഭവീഷ് ഗുപ്ത, സിഇഒ സുരീന്ദര്‍ ചാവ്‌ല തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ആര്‍ബിഐയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മറ്റ് ബാങ്കുകളുമായി സഹകരണം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2024 ജനുവരി 31-നാണ് ആര്‍ബിഐ പിപിബിഎല്ലിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
2024 ഫെബ്രുവരി 29 നു ശേഷം ഫാസ്ടാഗ് നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനും പേടിഎമ്മിന് അനുവാദമുണ്ടായിരിക്കില്ലെന്നാണ് ആര്‍ബിഐ അറിയിച്ചത്.
എല്ലാ തരത്തിലുള്ള കസ്റ്റമര്‍ അക്കൗണ്ട് തുറക്കുന്നതിനും വാലറ്റുകള്‍, കാര്‍ഡുകള്‍, പ്രീപെയ്ഡ് സേവനങ്ങള്‍ എന്നിവയുടെ ടോപ്-അപ്പ് ഉള്‍പ്പെടെയുള്ള ബിസിനസ്സുകളും നിര്‍ത്തിവയ്ക്കണമെന്ന് ആര്‍ബി ഐ പിപിബിഎല്ലിനോട് ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പേടിഎം സ്ഥാപകനോ സിഇഒയ്‌ക്കോ എതിരായ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നു കമ്പനി വ്യക്തമാക്കി. പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകളോടു ഫെബ്രുവരി നാലിന് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.