image

30 Jun 2023 6:40 AM GMT

News

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

MyFin Desk

today is the last date to link pan and aadhaar
X

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അനുവദിച്ചിട്ടുള്ള കാലയളവ് ഇന്ന് (ജൂൺ 30) അവസാനിക്കുന്നു. നേരത്തേ മാർച്ച് 31 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് എങ്കിലും പിന്നീട് സമയം നീട്ടിനല്‍കുകയായിരുന്നു. സമയപരിധിക്കുള്ളില്‍ ഇരു രേഖകളും തമ്മില്‍ ബന്ധിപ്പിക്കാത്ത ഉപയോക്താക്കള്‍ ഭാവിയില്‍ പല പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നേക്കാം. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് നിലവില്‍ ഉപയോക്താക്കള്‍ ചെലവിടേണ്ടത്.

നേരത്തേ 2022 മാര്‍ച്ച് 31 നായിരുന്നു പാന്‍ കാര്‍ഡിനെ ആധാര്‍ കാര്‍ഡുമായി സൗജന്യമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതിയായി നല്‍കിയിരുന്നത്. പിന്നീട് 2022 ജൂണ്‍ 30നുള്ളില്‍ 500 രൂപ നല്‍കിയും അതിനു ശേഷം 1,000 രൂപ നല്‍കിയും ഇരു രേഖകളും തമ്മില്‍ ബന്ധിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോള്‍ 2023 ജൂലെ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 30 ദിവസത്തിനുള്ളില്‍ 1000 രൂപ കൂടി പിഴയടച്ച് ആധാര്‍ വീണ്ടും പ്രവര്‍ത്തനക്ഷമം ആക്കാനുള്ള ഒരു അവസരം കൂടി നല്‍കുന്നുണ്ട്.

ഇരു രേഖകള്‍ എങ്ങനെ ബന്ധിപ്പിക്കാം?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിലൂടെ, എസ്എംഎസിലൂടെ, അടുത്ത സേവന കേന്ദ്രത്തിലൂടെ എന്നിങ്ങനെ മൂന്ന് രീതിയില്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാവുന്നതാണ്. ഇ-ഫയലിംഗ് പോര്‍ട്ടലിലൂടെയാണെങ്കില്‍ www.incometax.gov.in-ല്‍ ലോഗിന്‍ ചെയ്യണം. അതിനുശേഷം ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പാന്‍ വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം, അതിനു ശേഷം വിവരങ്ങള്‍ ശരിയാണോയെന്ന് ഉറപ്പുവരുത്തി സാധൂകരിക്കുന്നു എന്നുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്ന ഒടിപി കൂടി നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആധാറും പാനും ലിങ്ക് ചെയ്യാം. എസ്എംഎസ് ആണെങ്കില്‍ UIDPAN<12 അക്ക ആധാര്‍ നമ്പര്‍><10 അക്ക പാന്‍ നമ്പര്‍> എന്നിവ ടൈപ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം.

നിങ്ങള്‍ ഇതിനകം ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ അക്കാര്യം പരിശോധിക്കുന്നതിനും അവസരമുണ്ട്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടലായ https://www.incometax.gov.in/iec/foportal/ സന്ദർശിക്കുക. "ക്വിക്ക് ലിങ്കുകൾ" എന്നതിന് താഴെയുള്ള "ലിങ്ക് ആധാർ സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ നമ്പർ എന്നിവ നൽകി " വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക" എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനില്‍ ഒരു ഒരു പോപ്പ്-അപ്പ് സന്ദേശമായി "പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. നിങ്ങളുടെ ആധാറും പാനും ലിങ്കുചെയ്യാൻ "ലിങ്ക് ആധാർ" എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക." എന്നു കാണാം. കാർഡുകൾ ഇതിനകം പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, "നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു" എന്ന സന്ദേശമാണ് കാണാനാകുക.

പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ എന്താണ് പ്രശ്‍നം?

പാനും ആധാറും ബന്ധിപ്പിക്കാത്തത് നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയലിംഗ് പ്രക്രിയയെയും മ്യൂച്വൽ ഫണ്ടുകളിലെയും ഓഹരികളിലെയും നിക്ഷേപത്തെയും തടസ്സപ്പെടുത്തുന്നതാണ്.കൂടാതെ അധിക നികുതി അടച്ചതിന് നികുതി വകുപ്പ് നിങ്ങൾക്ക് റീഫണ്ട് നൽകാനുണ്ടെങ്കിൽ, പാൻ പ്രവർത്തനരഹിതമായി തുടരുന്നിടത്തോളം കാലം ഈ റീഫണ്ടുകൾ ഇഷ്യൂ ചെയ്യില്ല.

പാൻ കാർഡുകളുടെ ഡ്യൂപ്ലിക്കേഷൻ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാൻ കാർഡുകളും ആധാർ കാർഡുകളും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുള്ളത്. ഒരേ വ്യക്തിക്ക് ലഭിച്ചിട്ടുള്ള ഒന്നിലധികം പാൻ കാർഡുകൾ നികുതി കണക്കാക്കുന്നതിലും പിരിക്കുന്നതിലും അപാകത സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നു. നികുതിവെട്ടിപ്പ് കണ്ടെത്തുന്നതില്‍ ഇത് അധികൃതര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും.