16 Sep 2023 6:40 AM GMT
Summary
- ഡിസംബര്‍ ഒമ്പതിന് ്‌കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സിബിഎല്‍ സമാപിക്കും.
- സംസ്ഥാന സര്‍ക്കാര്‍ 12 കോടി രൂപ ചെലവഴിച്ചാണ് സിബിഎല്‍ സംഘിപ്പിക്കുന്നത്.
കൊച്ചി:കൊച്ചി കായിലില്‍ ആവേശത്തിര ഉയര്‍ത്തുന്ന ചാംപ്യന്‍സ് ബോട്ട് ലീഗിന് ഇന്ന് (സെപ്തംബര്‍ 16) തുടക്കമാകും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് 2023 ന്റെ മൂന്നാം പതിപ്പിനാണ്് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമാകുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തിയ നടുഭാഗം ചുണ്ടന്‍, സെന്റ് പയസ് ടെന്‍ത്, വീയപുരം ചുണ്ടന്‍, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, നിരണം ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, പായിപ്പാടന്‍ ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ആയാപറമ്പ് പാണ്ടി തുടങ്ങിയവയാണ് സിബിഎല്ലിലെ മത്സരാര്‍ത്ഥികള്‍. ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ മത്സരം ആലപ്പുഴയില്‍ നടന്നു. രണ്ടാം മത്സരമാണ് എറണാകുളത്ത് നടക്കുന്നത്. കോട്ടപ്പുറം, പിറവം,കോട്ടയം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട, പാണ്ടനാട്, കൊല്ലം എന്നിങ്ങനെയാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ ഒമ്പതിന് ്‌കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സിബിഎല്‍ സമാപിക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രാദേശിക വള്ളംകളി മത്സരവും സി.ബി.എല്ലിനൊപ്പം നടത്തും. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങള്‍ പ്രാദേശിക വള്ളംകളി മത്സരത്തില്‍ പങ്കെടുക്കും.സംസ്ഥാന സര്‍ക്കാര്‍ 12 കോടി രൂപ ചെലവഴിച്ചാണ് സിബിഎല്‍ സംഘിപ്പിക്കുന്നത്. അഞ്ച് കോടി 95 ലക്ഷം രൂപയാണ് സമ്മാനത്തിനായി ചെലവഴിക്കുന്നത്.സര്‍ക്കാര്‍ ഏറ്റവും വലിയ സമ്മാന തുക നല്‍കി സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏക മത്സരമാണിതെന്നും സംഘാടകര്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ചുണ്ടന്‍ വള്ളങ്ങളുടെ കളിക്കാര്‍ക്കുള്ള ചെലവ് വഹിക്കുന്നത്. പ്രാദേശിക വള്ളംകളി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് ചെലവ് കണ്ടെത്തുന്നത്.