23 Oct 2024 10:57 AM GMT
പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും തമ്മിലുള്ള ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ബൈജൂസിന് പണം കടംനല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.
അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിര സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. തങ്ങൾക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐക്ക് മാത്രം158 കോടി രൂപ നൽകി കേസ് ഒത്തുതീർപ്പുണ്ടാക്കിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. കരാർ അംഗീകരിച്ച നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ധിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടത്. മറ്റ് കടക്കാർക്ക് 15000 കോടിയോളം നൽകാനുള്ള സാഹചര്യത്തിൽ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീർക്കാനുള്ള കാരണം എന്താണെന്നും കോടതി ബൈജൂസിനോട് ചോദിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നല്‍കാന്‍ ബൈജൂസിന് കഴിഞ്ഞില്ല. തുടര്‍ന്ന് ബൈജൂസും ബിസിസിഐയും തമ്മില്‍ നടന്ന ഇടപാടിന് നിയമസാധുതയില്ലാത്തതിനാല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.