17 Nov 2023 4:20 PM IST
Summary
ജൂലൈ മാസത്തിലെ പെൻഷൻ തുകയാണ് ഇന്നുമുതൽ വിതരണം നടത്തുക
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവായി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26 ന് മുൻപ് പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒരു മാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് ഒരാഴ്ചയ്ക്ക് മുൻപ് ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ഉത്തരവ് പുറത്തിറങ്ങുന്നത്. ജൂലൈ മാസത്തിലെ പെൻഷൻ തുകയാണ് ഇന്നുമുതൽ വിതരണം നടത്തുക. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് പര്യടനത്തിന് നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയത്. നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശികയുള്ളത്. പ്രതിസന്ധി കാലത്തെ സർക്കാർ മുൻഗണനകളെ കുറിച്ച് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചത്.
ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോൾ പെൻഷൻ കിട്ടാനുള്ളത്. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഏഴര വർഷത്തിനുള്ളിൽ സർക്കാർ 57,604 കോടി രൂപ ക്ഷേമ പെൻഷൻ വിതരണം ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്‌റ്ററിങ് ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്‌റ്റിറിങ് പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.