Summary
- ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില പദ്ധതികള്‍ അവസാനിപ്പിക്കുകയും ചില പദ്ധതികള്‍ മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുമായി ലയിപ്പിക്കുകയോ അല്ലെങ്കില്‍ മാറ്റിവെയ്ക്കുകയോ ചെയ്യേണ്ടി വന്നേക്കാം.
തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, 2024-25 വര്‍ഷത്തിലെ ബജറ്റില്‍ ചെലവ്ചുരുക്കല്‍ ഏര്‍പ്പെടുത്താനുള്ള നടപടികൾ സംസ്ഥാന ധനമന്ത്രാലയം ആരംഭിച്ചു . ഇതിന്റെ ഭാഗമായി ഓരോ വകുപ്പുകള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍, വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന യൂണിറ്റുകളുടെ ശമ്പളം ഒഴികെയുള്ള പദ്ധതിയേതര റവന്യൂ ബജറ്റ് നടപ്പ് വര്‍ഷത്തെ തലത്തില്‍ നിലനിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഇതുകൂടാതെ കേന്ദ്രം കടമെടുപ്പിനു സംസ്ഥാനത്തിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണവും ബജറ്റിന്റെ വലുപ്പം കൂടാതെ നോക്കാൻ സർക്കാരിനെ നിര്ബന്ധിതമാക്കുന്നു.
2024-25 ബജറ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ധനവകുപ്പ് എല്ലാ വകുളപ്പുകൾക്കും നൽകിയിരിക്കുന്ന നിർദേശം അനുസരിച്ചു, നടപ്പ് വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തലത്തില്‍ റവന്യൂ ബജറ്റ് നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ എല്ലാ മേഖലകളിലും സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ 2024-2025 ലെ ബജറ്റ് അങ്ങേയറ്റം ചെലവുചുരുക്കലോടെ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അതിനായി ലാഭകരമല്ലാത്ത പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നും, അറ്റകുറ്റപ്പണികള്‍ക്കായുള്ള ചെലവ് തുടങ്ങിയ ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
``സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2024 -25 വർഷത്തേക്ക് ചെലവുകൾ വളരെ അധികം ചുരുക്കുന്ന ഒരു ബജറ്റിന് രൂപം നല്കാൻ സർക്കാർ നിര്ബന്ധിതമായിരിക്കുകയാണ്'' ധനമന്ത്രാലയം വകുപ്പുകൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
വകുപ്പുമേധാവികളുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ ഈ ഉദ്യമം വിജയിക്കു എന്ന് സർക്കുലർ എടുത്തു പറയുന്നു. ഓരോ വകുപ്പിലെയും വിവിധ യൂണിറ്റുകളുടെ ധനവിനിയോഗം പരിശോധിച്ച് എവിടെയാണ് ചെലവ് ചുരുക്കേണ്ടതെന്ന് തീരുമാനിക്കുന്നതില്‍ വകുപ്പ് മേധാവികളുടെ വ്യക്തിപരമായി പങ്കും, പരിശോധിനയും ആവസശ്യമാണെന്നു൦, ബജറ്റ് തയ്യാറാക്കല്‍ യാന്ത്രികമായ ഒരു പ്രവര്‍ത്തനമായി മാറരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. മാത്രമല്ല, നിലവിലുള്ള ഒരു പദ്ധതിയോ പ്രവര്‍ത്തനമോ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, അതില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാര്‍ അധികമായി വരും. എന്നാല്‍, അവരെ പിരിച്ചുവിടാന്‍ കഴിയില്ല. അതിനാല്‍ അധികമായി വരുന്ന അത്തരം ജീവനക്കാരുടെ സമ്പൂര്‍ണ്ണ പട്ടിക ഭാവി ഉപയോഗത്തിനായി തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില പദ്ധതികള്‍ അവസാനിപ്പിക്കുകയും ചില പദ്ധതികള്‍ മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുമായി ലയിപ്പിക്കുകയോ അല്ലെങ്കില്‍ മാറ്റിവെയ്ക്കുകയോ ചെയ്യേണ്ടി വന്നേക്കാം.
``ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനാത്മകമായി അവലോകനം ചെയ്യാനുള്ള അവസരമാണിതെന്നും'' സര്‍ക്കുലർ പറയുന്നു.