image

26 Dec 2024 6:27 AM GMT

News

മലയാളത്തിന്റെ അക്ഷര നക്ഷത്രം

MyFin Desk

mt vasudevan nair
X

Summary

  • കാലാന്തരം ഇടവേള കഴിഞ്ഞൊരു മടക്കം
  • തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം


കാലത്തിന്റെ കഥാകാരന് വിട. എഴുത്തിന്റെ ലോകത്ത് സ്വന്തം വഴി വെട്ടിത്തെളിച്ച് ഒരു ചെറുപുഞ്ചിരിയോടെ നടന്നുപോയ കുലപതിയായിരുന്നു എംടി എന്ന എം ടി വാസുദേവന്‍ നായര്‍. പത്രപ്രവര്‍ത്തനത്തിലും ചലച്ചിത്ര ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എംടി ഇനി തീവ്രമായ ഓര്‍മ.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് കോഴിക്കോട്ടുള്ള സ്വകാര്യആശുത്രിയില്‍ മലയാളത്തിന്റെ കഥാകാരന്‍ വിട പറഞ്ഞത്.

മരണമില്ലാത്ത കഥകളും ചലച്ചിത്രങ്ങളും മലയാളത്തിന് സമ്മാനിച്ച ശേഷമാണ് പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യ സപര്യക്ക് വിരാമായത്. അദ്ദേഹം ആദ്യകാലത്ത് എഴുതിയ നോവലുകള്‍പോലും ഇന്നും വിപണിയില്‍ ഏറ്റവും മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്നു.

തിക്കഥാകൃത്ത്, സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം എംടി തന്റെ വ്യക്തമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ ആ മേഖലയിലെ കാവ്യങ്ങള്‍ തന്നെ ആയിരുന്നു.

അനുഭവത്തിന്റെ രുചിക്കൂട്ട് ചേര്‍ത്ത കഥകളിലെല്ലാം അനശ്വരമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച എംടി മലയാളത്തിന്റെ കഥാകാരനായി മാറി. തൊട്ടതെല്ലാം പൊന്നാക്കിയ അനശ്വര ജന്മമായിരുന്നു അദ്ദേഹത്തിന്റേത്.

നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി നിരവധി നോവലുകള്‍, കഥകള്‍, ഒരു വടക്കന്‍ വീരഗാഥ,ഒരു ചെറുപുഞ്ചിരി, ഉത്തരം, ബന്ധനം, നിര്‍മ്മാല്യം,മഞ്ഞ് അടക്കമുള്ള നിരവധി ചലച്ചിത്രങ്ങള്‍... എംടിയുടെ ലോകം വിശാലമാണ്. ഇതിനെല്ലാമുപരി മുപ്പത് വര്‍ഷത്തിലേറെയായി അദ്ദേഹം പത്രപ്രവര്‍ത്തകനുമായിരുന്നു.

എംടി എന്ന കഥകളുടെ പെരുംതച്ചനെത്തേടിയെത്തിയ പുരക്‌സാരങ്ങള്‍തന്നെ എണ്ണിയാലൊടുങ്ങാത്തതാണ്. ജ്ഞാനപീഠം, പത്മഭൂഷന്‍, ദേശീയ സംസ്ഥാന അവാര്‍ഡുകള്‍, കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ തുടങ്ങി പുരസ്‌കാര പട്ടിക നീളുകയാണ്.

എംടി കാലയവനികക്ക് പിന്നിലേക്ക് മാറുമ്പോള്‍ വായനക്കാര്‍ വീണ്ടുമൊരു പുനര്‍വായനക്ക് ഒരുങ്ങും. അനശ്വര കഥാപാത്രങ്ങള്‍, കാലാതീതമായ സംഭാഷണങ്ങള്‍, കാഴ്ചപ്പാടുകള്‍ എല്ലാം നിറഞ്ഞ എംടിയുടെ ലോകം. കഥകളുടെ പെരുംതച്ചന്റെ മാന്ത്രിക സ്പര്‍ശമേറ്റ കഥാപാത്രങ്ങളിലൂടെ, ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞ് ഒരു യാത്ര. അത് എംടി എന്ന വ്യക്തിത്വത്തെ അനശ്വരനാക്കുന്നു.