25 Sep 2024 5:33 AM GMT
ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകള്‍ വൻ ഹിറ്റായി മാറുകയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്. ആദ്യ ബാച്ചിൽ 40 ടെസ്റ്റുകളായിരുന്നു നടത്തിയത്. ഇതില്‍ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 ശതമാനം വിജയം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. രണ്ടാം ബാച്ചുക്കാരുടെ ടെസ്റ്റ് ഉടൻ നടക്കും. സംരംഭം വിജയിച്ചതോടെ വാഹനങ്ങൾ എത്തിച്ച് കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കാർ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനം വരെ ഇളവ് ലഭിക്കുന്നുണ്ട്.