image

3 Aug 2023 9:19 AM GMT

News

കേരളത്തിൽ 25 കോടിക്ക് താഴെയുള്ള ഗ്രാമീണ പദ്ധതികൾക്കു 2024 -25 മുതൽ നബാർഡ് സഹായമില്ല

MyFin Bureau

nabard-ridf project cost above 25 cr from next financial year
X

Summary

  • 100 കോടി പദ്ധതികൾക്ക് മുൻഗണന
  • ഇപ്പോൾ 5 കോടിക്ക് താഴെയുള്ള പദ്ധതികൾക്ക് സഹായമില്ല
  • 2022 -23 ൽ കേന്ദ്രം നബാർഡ് പദ്ധതികൾക്കായി അനുവദിച്ചത് 4.58 ലക്ഷം കോടി .


നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടി (ആര്‍ഐഡിഎഫ്) നു കീഴിലുള്ള പദ്ധതികളുടെ ഏറ്റവും കുറഞ്ഞ ചെലവ് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 25 കോടി രൂപയായിരിക്കുമെന്ന് സര്‍ക്കാര്‍. ഇരുപത്തിയഞ്ച് കോടി രൂപയില്‍ താഴെയുള്ള പദ്ധതികള്‍ക്ക് നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതിയില്‍ നിന്നുള്ള ധനസഹായത്തിന് അര്‍ഹതയുണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതികളുടെ ചെലവ് അഞ്ച് കോടി രൂപയില്‍ താഴെയാകാന്‍ പാടില്ലെന്നായിരുന്നു മുമ്പത്തെ നിര്‍ദ്ദേശം.

2022-23ലെ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതിയില്‍ 100 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് കണക്കാക്കുന്ന 'മെഗാ പ്രോജക്ടുകള്‍' നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെറിയ പദ്ധതികളേക്കാള്‍ വരുമാന ഉറപ്പും, വാണിജ്യ വിജയവും വലിയ പദ്ധതികള്‍ക്കായിരിക്കുമെന്നും. സാമ്പത്തിക സ്വാധീനത്തിനും, ഫണ്ടിന്റെ വേഗത്തിലുള്ള വിനിയോഗത്തിനും മൂല്യം കൂടുതലുള്ള പദ്ധതികള്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും, ധനമന്ത്രി പറഞ്ഞിരുന്നു.

ആകെ വിഹിതം 4.58 ലക്ഷം കോടി

1995-96 ല്‍ 2,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഉപയോഗിച്ചാണ് ഇന്ത്യാ ഗവണ്‍മെന്റ് നബാര്‍ഡില്‍ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (ആര്‍ഐഡിഎഫ്) രൂപീകരിച്ചത്. ആര്‍ഐഡിഎഫ് XXVIII-ന് കീഴില്‍ 2022-23 വര്‍ഷത്തേക്ക് 40,001.98 കോടി രൂപ അനുവദിച്ചതോടെ, ഭാരത് നിര്‍മാണിന് കീഴിലുള്ള 18,500 കോടി രൂപ ഉള്‍പ്പെടെ, സഞ്ചിത വിഹിതം 4.58 ലക്ഷം കോടി രൂപയായി (4.58 ട്രില്യണ്‍ രൂപ).

പ്രവര്‍ത്തനങ്ങള്‍

നിലവില്‍, കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുപോലെ 39 പ്രവര്‍ത്തനങ്ങളാണ് ആര്‍ഐഡിഎഫിന്് കീഴില്‍ ഉള്ളത്. ഈ പ്രവര്‍ത്തനങ്ങളെ കൃഷിയും അനുബന്ധ മേഖലയും, സാമൂഹിക മേഖല, ഗ്രാമീണ കണക്റ്റിവിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

യോഗ്യതയുള്ള സ്ഥാപനങ്ങള്‍

സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കാണ് നബാര്‍ഡ്-ആര്‍ഐഡിഎഫിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യത. സംസ്ഥാന ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍)/, സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ വകുപ്പ് മുഖേന പദ്ധതികള്‍ സമര്‍പ്പിക്കുന്ന എന്‍ജിഒകള്‍ എന്നിവയ്ക്ക് നബാര്‍ഡ്-ആര്‍ഐഡിഎഫിന കീഴില്‍ പ്രവര്‍ത്തിക്കാം.