21 Aug 2024 3:06 PM IST
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രാലയം. ആരോപണം രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ അന്വേഷിക്കാൻ സമിതിയെ വെക്കുമോയെന്ന ചോദ്യത്തിലാണ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കില്ലെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് മാധബി പുരി ബുച്ച് നിഷേധിച്ചിരുന്നു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണെന്നും ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമാണെന്നും മാധബി ബുച്ച് പറഞ്ഞു.