27 Sep 2024 7:14 AM GMT
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്‌കരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ വേതന നിരക്കുകൾ 2024 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കെട്ടിട നിർമ്മാണം, ലോഡിങ്, അൺലോഡിങ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിങ് ക്ലീനിങ്, ഹൗസ് കീപ്പിങ്, മൈനിങ്, സെൻട്രൽ സ്‌ഫിയർ സ്ഥാപനങ്ങളിലെ കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മിനിമം വേതന നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
തൊഴിൽ നൈപുണ്യ നിലവാരത്തിന് അനുസൃതമായാണ് മിനിമം വേതന നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. അവിദഗ്ധ, അർദ്ധ-വൈദഗ്ധ്യ, വൈദഗ്ധ്യമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള എന്നിങ്ങനെയാണ് തൊഴിൽ നൈപുണ്യം തിരിച്ചിരിക്കുന്നത്. കൂടാതെ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ ‘എ’യിൽ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ക്ലറിക്കൽ തൊഴിലാളികൾക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, വാച്ച് ആൻഡ് വാർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപയും പ്രതിമാസം 26,910 രൂപയും ലഭിക്കും.
2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കൽഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം.